Asianet News MalayalamAsianet News Malayalam

പിളര്‍പ്പൊഴിവാക്കാന്‍ അനുനയനീക്കവുമായി മാണി; മധ്യസ്ഥചർച്ചകളും സജീവം

പാർ‍ട്ടിയിൽ ചുണക്കുട്ടൻമാരുണ്ടെന്ന് പറഞ്ഞ് നിഷ ജോസ് കെ മാണിയും പിൻമാറി. ഈ സാഹചര്യത്തിലാണ് മാണി വിഭാഗത്തിന്റ അനുനയനീക്കം

k m mani in compromise move with p j joseph to avoid split
Author
Kottayam, First Published Mar 1, 2019, 7:31 AM IST

കോട്ടയം: പി ജെ ജോസഫിനെ പിൻതിരിപ്പിക്കാൻ മാണി വിഭാഗം നീക്കം തുടങ്ങി.കേരളകോൺഗ്രസിന് നൽകേണ്ട സീറ്റ് സംബന്ധിച്ച് ഞായറാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമുണ്ടാകുന്നത് വരെ പരസ്യ അഭിപ്രായപ്രകടനത്തിൽ നിന്ന് ഇരു വിഭാഗവും പിൻമാറി നിൽക്കുകയാണ്. കോട്ടയം സീറ്റ് മാത്രമാണെങ്കിലും മത്സരിക്കുമെന്ന് ഉറച്ച് നിൽക്കുന്ന പി ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി വിഭാഗം. 

ജോസഫുമായി അടുത്ത് ബന്ധമുള്ള പലരോടും തീരുമാനം മാറ്റണമെന്ന് നിർദ്ദേശിക്കാൻ മാണി ആവശ്യപ്പെട്ടതായാണ് വിവരം. മധ്യസ്ഥചർച്ചകളും സജീവമാണ്. ഉഭയകക്ഷി ചർച്ചയിൽ രണ്ട് സീറ്റ് വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് കെ എം മാണിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം പി വീരേന്ദ്രകുമാറിന് നൽകിയ പാലക്കാട് കോൺഗ്രസിന് തിരിച്ച് ലഭിച്ച സാഹചര്യത്തിൽ ഒരു സീറ്റ് നൽകാൻ ബുദ്ധിമുട്ടില്ലെന്നാണ് കേരളകോൺഗ്രസ് നിലപാട്. എന്നാലും കോൺഗ്രസ് വഴങ്ങാൻ സാധ്യതയില്ല. ജോസഫിനൊപ്പം നിൽക്കുന്ന മോൻസിനെ സ്ഥാനാർത്ഥിയാക്കാമെന്ന നിർദ്ദേശമുണ്ടെങ്കിലും മോൻസ് ജോസഫ് മത്സരിക്കാൻ തയ്യാറല്ല.

സ്ഥാനാർത്ഥിയാകണമെന്ന പി ജെ ജോസഫ് പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനിയാരും തയ്യാറാകുകയുമില്ല. പാർ‍ട്ടിയിൽ ചുണക്കുട്ടൻമാരുണ്ടെന്ന് പറഞ്ഞ് നിഷ ജോസ് കെ മാണിയും പിൻമാറി. ഈ സാഹചര്യത്തിലാണ് മാണി വിഭാഗത്തിന്റ അനുനയനീക്കം. ഞായറാഴ്ചത്തെ ചർച്ചകൾക്ക് മുൻപ് പാർട്ടിയുടെ കമ്മിറ്റികളൊന്നും വിളിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ എകകണ്ഠമായ ഒരു തീരുമാനമെടുക്കുക പ്രായോഗികമല്ല. സീറ്റിനെക്കുറിച്ച് ധാരണയായിട്ട് സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിക്കും. പി ജെ ജോസഫ് നിലപാടിലുറച്ച് നിന്നാൽ പാർട്ടി പിളർപ്പിലേക്ക് പോകും. ഇതൊഴിവാക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറവണമെന്നാണ് മാണി വിഭാഗത്തിന്റ നിർദ്ദേശം. 

Follow Us:
Download App:
  • android
  • ios