Asianet News MalayalamAsianet News Malayalam

വരുന്നത് ചാവേറായല്ല, യുദ്ധം ജയിക്കാനെന്ന് മുരളീധരന്‍: വടകരയിലെ പ്രചാരണത്തിന് ഇന്ന് തുടക്കം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് എത്ര സീറ്റ് കിട്ടുമെന്ന ചോദ്യത്തിന് ഏറ്റവും കുറഞ്ഞത് പതിനഞ്ച് സീറ്റെങ്കിലും കിട്ടുമെന്നായിരുന്നു മുരളിയുടെ മറുപടി എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ ഇരുപതില്‍ ഇരുപതും യുഡിഎഫ് പിടിക്കുമെന്നും മുരളി പറഞ്ഞു. 
 

k muraleedharan press meet in kozhikode
Author
Kozhikode Beach, First Published Mar 21, 2019, 12:54 PM IST

കോഴിക്കോട്: വടകരയിലേക്ക് വരുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. 1989- ൽ ഇമ്പിച്ചിബാവക്കെതിരെ മത്സരിച്ചപ്പോഴും ദുർബലൻ എന്ന് തന്നെയാണ് തന്നെ വിശേഷിപ്പിച്ചിരുന്നതെന്നും വട്ടിയൂര്‍ക്കാവില്‍ നിന്നും വടകരയിലേക്ക് വരുന്നത് ചലഞ്ച് ഏറ്റെടുത്ത് കൊണ്ടു തന്നെയാണെന്നും മുരളി പറഞ്ഞു.

കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് എത്ര സീറ്റ് കിട്ടുമെന്ന ചോദ്യത്തിന് ഏറ്റവും കുറഞ്ഞത് പതിനഞ്ച് സീറ്റെങ്കിലും കിട്ടുമെന്നായിരുന്നു മുരളിയുടെ മറുപടി എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ ഇരുപതില്‍ ഇരുപതും യുഡിഎഫ് പിടിക്കുമെന്നും മുരളി പറഞ്ഞു. 

 രാഷ്ട്രീയ കൊലപാതകങ്ങളുടെ  ചോരക്കറ പുരണ്ട മണ്ണാണ് വടകര. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായ സംഭവമായത് കൊണ്ടാണ് ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കാര്യമായ രീതിയില്‍ അന്വേഷണം നടന്നത്. ഇപ്പോള്‍ കൃപേഷിന്‍റേയും  ശരത് ലാലിന്‍റേയും കൊലപാതകത്തില്‍ മാത്രമല്ല. എസ്എഫൈക്കാരനായ അഭിമന്യുവിന്‍റെ കൊലപാതകകേസിലും അന്വേഷണവും വിചാരണയും ഇഴയുകയാണ്. തന്റെ 33-ാം വയസിൽ കേട്ട തുരുമ്പെടുത്ത കോലീബീ  മുദ്രാവാക്യമേ ഇപ്പോഴും സി പി എമ്മിനുള്ളൂ.  രാജ്യവ്യാപകമായി ബിജെപിയും കോണ്‍ഗ്രസും ഈ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ഒരിടത്തും ബിജെപിയുമായി സഖ്യം കോണ്‍ഗ്രസിന് സാധ്യമല്ല.  വടകരയില്‍ ഒരു ലക്ഷം വോട്ട് തികച്ച് പിടിക്കാന്‍ ബിജെപിക്ക് ഇതുവരെ ആയിട്ടില്ല. കേരളത്തില്‍  ബിജെപിക്ക് ഏറ്റവും കുറവ് വോട്ടുകളുള്ള മണ്ഡലങ്ങളിലൊന്നാണ് വടകരയെന്നും അത്തരമൊരു മണ്ഡലത്തില്‍ ബിജെപിയുടെ സഹായം തേടേണ്ട കാര്യമെന്താണെന്നും മുരളി ചോദിച്ചു.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മത്സരിക്കണമെന്നും ബിജെപിക്ക് മത്സരിക്കാന്‍ ഇടം കിട്ടരുതെന്നുമാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്.  എന്നാല്‍വിശ്വപൗരനും സന്ന്യാസിയും തമ്മിലുള്ള പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുനന്തെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന്‍റെ ഇടയില്‍ കൂടി നമ്മുക്ക് കയറണം എന്നാണ് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സി.ദിവാകരനെ ഇരുത്തി മുഖ്യമന്ത്രി പറഞ്ഞത്. ബിജെപിയെ വലുതാക്കി കൊണ്ടു വരുന്നത് സിപിഎമ്മാണ്. വടകരയില്‍ കോണ്‍ഗ്രസിന്‍റെ ചാവേറായി മാറുമോ എന്ന ചോദ്യത്തിന് പൊരുതി തോൽക്കുന്നവനാണ് ചാവേറെന്നും യുദ്ധം ജയിക്കാൻ വരുന്നവൻ ചാവേറല്ലെന്നുമായിരുന്നു  മുരളീധരന്‍റെ മറുപടി.  വടകരയിൽ ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത്.  ഇടത് അനുഭാവമുള്ള പലരും തന്നോട് മത്സരിക്കാൻ രഹസ്യമായി ആവശ്യപ്പെട്ടിരുന്നു,. അക്രമരാഷ്ട്രീയത്തോട് വിയോജിപ്പുള്ള ഇടത് അനുഭാവികളുടെ വോട്ടുകള്‍ ഇക്കുറി യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  2009-ല്‍ യുഡിഎഫ് തന്നെ ലോക്സഭയിലേക്ക് മൂന്ന് എംഎല്‍എമാരെ മത്സരിപ്പിച്ചിരുന്നു. അന്ന് അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തവരാണ് എല്‍ഡിഎഫുകാര്‍. അങ്ങനെയുള്ള എല്‍ഡിഎഫാണ് ആകെയുള്ള ഇരുപത് സീറ്റില്‍ അരഡസന്‍ സിറ്റിംഗ് എംഎല്‍എമാരെ ഇറക്കുന്നത്. ഇതിനെയാണ് താന്‍ വിമര്‍ശിച്ചതും കളിയാക്കിയതും. ശക്തമായ വെല്ലുവിളി ഏറ്റെടുത്താണ് രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നും എറണാകുളം സീറ്റില്‍ തോമസ് മാഷില്ലെങ്കില്‍ ഹൈബി മതിയെന്നത് അണികളുടെ പൊതുവികാരമായിരുന്നുവെന്നും മുരളി വിശദീകരിച്ചു. 

മതവിശ്വാസങ്ങള്‍ ഹനിക്കരുത് എന്നതാണ് തന്‍റെ നിലപാടെന്നും ശബരിമലയിലും അത് തന്നെയാണ് തന്‍റെ കാഴ്ച്ചപ്പാടെന്നും മുരളീധരന്‍ വ്യക്തമാക്കി.ഷബാനു ബാനു കേസില്‍ വിശ്വാസം സംരക്ഷിക്കാന്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു. അത്തരമൊരു ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ശബരിമലയില്‍ ഉണ്ടായിട്ടില്ല. ശബരിമലയില്‍ യുവതികളെ കയറ്റണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. അതിന് വിരുദ്ധമായി അവര്‍ നിയമനിര്‍മ്മാണം നടത്തില്ല. കേരളം ഭരിച്ച ഒരു സര്‍ക്കാരും ദേവസ്വം ബോര്‍ഡില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നുമുള്ളോ വരുമാനത്തില്‍ കൈവച്ചിട്ടില്ല. കേരളത്തില്‍ വളരാന്‍ വേണ്ടി ഒരു കൂട്ടര്‍ പറഞ്ഞു പരത്തിയ കള്ളക്കഥയാണ് ഇത്. 

ഇപ്പോള്‍ പലപ്പോഴും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ക്ഷേത്രങ്ങള്‍ക്കും ദേവസ്വം ബോര‍്ഡ‍ിനും സഹായം നല്‍കുകയാണ്. ശബരിമലയ്ക്ക് കോടികള്‍ നല്‍കിയെന്ന് ഇപ്പോള്‍ സിപിഎം വീമ്പ് പറയുന്നുണ്ട്. അവരുടെ നടപടികള്‍ കാരണം ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ വരവ് ഇടിയുകയും വരുമാനം കുറയുകയും ചെയ്തോതെടയാണ് അവിടേക്ക് സര്‍ക്കാരിന് സാമ്പത്തിക സഹായം നല്‍കേണ്ടി വന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. നിഷ്പക്ഷമായി ചിന്തിച്ച പല വോട്ടര്‍മാരും മോദി തരംഗത്തിന്‍റെ പ്രഭാവത്തില്‍ കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇക്കുറി അതുണ്ടാവില്ല. ലോക് താന്ത്രിക് ജനദാതളില്‍ ഒരു വിഭാഗത്തിന് എല്‍ഡിഎഫില്‍ തങ്ങള്‍ക്ക് കിട്ടുന്ന പിന്തുണയില്‍ അതൃപ്തിയുണ്ടെന്നും അവരുടെ വോട്ടുകള്‍ യുഡിഎഫിലേക്കെത്തുമെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഇന്ന് വൈകിട്ടാണ് വടകരയിലെ മുരളീധരന്‍റെ പ്രചരണം ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇന്നലെ തൃശ്ശൂരിലെ വീട്ടിലെത്തിയ മുരളീധരന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ പാണാക്കാട് എത്തിയ അദ്ദേഹം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നീ മുതിര്‍ന്ന നേതാക്കളുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ന് രാവിലെ സിഎച്ച് മുഹമ്മദ് കോയയുടെ ഖബറിടത്തിലെത്തി പ്രാര്‍ത്ഥിച്ച മുരളീധരന്‍ സിഎച്ച് മുഹമ്മദ് കോയയുടെ വീട്ടിലെത്തി സിഎച്ചിന്‍റെ മകനും പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീറിനേയും സന്ദര്‍ശിച്ചു.

കോഴിക്കോട് ഡിസിസി ഭാരവാഹികളുമായും പ്രാദേശിക നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം വൈകിട്ട് നാല് മണിയോടെ മുരളീധരന്‍ വടകരയിലെത്തും. വടകരയിൽ മുരളീധരന് പാർട്ടി പ്രവർത്തകർ സ്വീകരണം ഒരുക്കിയിട്ടുണ്ട്. റെയിൽ വേ സ്റ്റേഷനിൽ നിന്ന് റോഡ് ഷോയായി മണ്ഡലം കൺവെൻഷൻ നടക്കുന്ന കോട്ടപ്പറമ്പിലേക്ക് പ്രവർത്തകർ മുരളീധരനെ കൊണ്ടു പോകും .അഞ്ച് മണിക്ക് നടക്കുന്ന കൺവെൻഷനിൽ രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ ,പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. 
 

Follow Us:
Download App:
  • android
  • ios