വടകര: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെ കൊലയാളിയായി ചിത്രീകരിക്കുന്നതിൽ പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്‍റെ അച്ഛൻ കൊലക്കേസിൽ പ്രതിയായിരുന്നെന്നും  എന്നിട്ടും അദ്ദേഹത്തിന്‍റെ അച്ഛനെ ആരും കൊലയാളി എന്ന് വിളിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.  

ജയരാജൻ ആരോപണ വിധേയൻ മാത്രമാണെന്നും ആരോപണം ആർക്കെതിരെയും ഉന്നയിക്കാമെന്നും  കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി ജയരാജനെ വിമർശിക്കുന്ന മുരളീധരൻ സ്വന്തം അച്ഛന്‍റെ കാര്യമെങ്കിലും ഓർക്കണമെന്നും കോടിയേരി പറഞ്ഞു. വടകരയിൽ ബിജെപിക്കെതിരെ കോൺഗ്രസ്‌ ഒന്നും മിണ്ടുന്നില്ലെന്നും ആ‍ർഎസ്എസിനും കോൺഗ്രസിനും പി ജയരാജനെ തോൽപ്പിച്ചാൽ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വടകരയിൽ പറഞ്ഞു.