മുല്ലപ്പള്ളി ആദ്യ തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴുണ്ടായ അതേ ഭൂരിപക്ഷത്തില്‍ വിജയിക്കും. ആര്‍എംപിയുടെ സേവനം കോണ്‍ഗ്രസിനെ സഹായിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ടി പി ചന്ദ്രശേഖരന്‍റെ വീട്ടില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. സ്മൃതികൂടീരത്തില്‍ അഭിവാദ്യം അര്‍പ്പിച്ചായിരുന്നു പ്രചാരണ തുടക്കം. അക്രമ രാഷ്ട്രീയത്തിനോടുള്ള പോരാട്ടമാണ് വടകരയിലേതെന്ന് മുരളീധരന്‍ പറഞ്ഞു. 

മുല്ലപ്പള്ളി ആദ്യ തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴുണ്ടായ അതേ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് മുരളീധരന്‍ പറഞ്ഞു. ആര്‍എംപിയുടെ സേവനം കോണ്‍ഗ്രസിന് സഹായം ചെയ്യുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മുരളീധരന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പിന്നീട് നഗരം ചുറ്റി പ്രദക്ഷിണവും നടത്തി. വടകരയിലേത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്ന് കോട്ടപ്പുറം മൈതാനത്ത് നടന്ന തെരെ‍ഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കുമ്പോഴാണ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വടകരയിലെ പ്രചാരണത്തിന് എത്തുന്നത്. വരുന്നത് ചാവേറായല്ലെന്നും യുദ്ധം ജയിക്കാനാണെന്നും മുരളീധരന്‍ പറയുമ്പോള്‍ വടകരയിലെ പോരാട്ടം കനക്കുമെന്നതില്‍ സംശയമില്ല. ഒപ്പം ടിപി ചന്ദശേഖരന്‍റെ സ്മൃതികുടീരത്തില്‍ നിന്ന് മുരളീധരന്‍ പര്യടനം ആരംഭിക്കുമ്പോള്‍ വടകരയിലെ രാഷ്ട്രീയ സമവാക്യങ്ങളാണ് മാറുന്നത്.