പത്തനംതിട്ട: പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം ശേഷിക്കേ പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ഊന്നിയത് ശബരിമല വിഷയത്തിൽ. കെ സുരേന്ദ്രൻ ബിജെപിയുടെ അല്ല, അയ്യപ്പ ഭക്തരുടെ സ്ഥാനാർത്ഥി ആണെന്ന് അമിത് ഷാ പറഞ്ഞു. പത്തനംതിട്ടയിലെ മുഖ്യ പ്രചാരണ വിഷയം ശബരിമലയിലേക്കും ആചാരസംരക്ഷണത്തിലേക്കും മാത്രം കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകനെ തന്നെ രംഗത്തിറക്കി സുരേന്ദ്രൻ അയ്യപ്പ ഭക്തരുടെ സ്ഥാനാത്ഥിയാണെന്ന് പ്രഖ്യാപിച്ചതിലൂടെ ബിജെപി മുന്നോട്ടുവയ്ക്കുന്ന സന്ദേശം വ്യക്തമാണ്. കനത്ത മഴ കാരണം ഏതാനം മിനുട്ട് നേരം മാത്രമാണ് അമിത് ഷാ സംസാരിച്ചത്.

നേരത്തേ പത്തനംതിട്ട നഗരത്തിൽ അമിത് ഷാ റോഡ് ഷോയും നടത്തി. മഴ കാരണം ഒരു കിലോമീറ്റർ മാത്രമായിരുന്നു റോഡ് ഷോ. പത്തനംതിട്ടയിൽ നിന്നും സമീപ ജില്ലകളിലും നിന്നെത്തിയ ആയിരക്കണക്കിന് പ്രവത്തകർ റോഡ് ഷോയിൽ പങ്കെടുത്തു. തിറോഡ് ഷോയ്ക്കിടെ പെയ്ത മഴ പ്രവർത്തകരുടെ ആവേശം കെടുത്തിയില്ല. 

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാ‍ർത്ഥി കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധൻ പിള്ള, ജനപക്ഷം നേതാവ് പിസി ജോർജ്, മുൻ ക്രിക്കറ്റ് താരവും ബിജെപി പ്രവർത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു. 7 നിയമസഭാ മണ്ഡലത്തിൽ നിന്നും റോഡ്ഷോയിൽ വൻതോതിൽ പ്രവർത്തകരെ  അണിനിരത്താൻ ബിജെപി നേതൃത്വത്തിന് ആയി. മഴ കനത്തതോടെ പുതിയ ബസ്റ്റാൻറ് പരിസരത്തെ പൊതുയോഗം ഉപേക്ഷിച്ച് അമിത് ഷാ മടങ്ങി. മഴ കാരണം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പര്യടനവും അമിത് ഷാ പങ്കെടുത്തില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തനംതിട്ടയിൽ എത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ കാരണം അത് നടന്നിരുന്നില്ല. രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായി വിജയനുമടക്കം നിരവധി പ്രധാനപ്പെട്ട നേതാക്കൾ പ്രചാരണത്തിന് എത്തിയിരുന്നു. മൂന്ന് മുന്നണികളും സകല സംഘടനാശേഷിയും ഉപയോഗിച്ച് വൻ പ്രചാരണം സംഘടിപ്പിക്കുമ്പോൾ ശക്തമായ ത്രികോണ മത്സരമാണ് പത്തനംതിട്ടയിൽ നടക്കുന്നത്.