കണ്ണൂർ: കണ്ണൂർ ജില്ലാ കലക്ടർക്കെതിരെ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാാനാർത്ഥി കെ സുധാകരൻ. ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾക്ക് പുറമേ ഇലക്ഷൻ കമ്മീഷന്‍റെ ക്യാമറയിലെ ദൃശ്യങ്ങളും ജില്ലാ കലക്ടർ സിപിഎമ്മിന് നൽകിയെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കെ സുധാകരൻ പരാതി നൽകി.

ഭരണ സ്വാധീനത്തിന് വഴങ്ങി പോളിംഗ് ബൂത്തുകളിലെ ദൃശ്യങ്ങൾ പകർത്താൻ ഏ‌ർപ്പെടുത്തിയ വീഡിയോ സംവിധാനത്തിന്‍റെ രഹസ്യാത്മകത ജില്ലാ കലക്ടർ നഷ്ടപ്പെടുത്തിയെന്നാണ് കെ സുധാകരന്‍റെ ആരോപണം. രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ കലക്ടർ എൽ ഡി എഫ് പ്രവർത്തകർക്ക് ലഭ്യമാക്കി. ഇത് ഗുരുതരമായ തെറ്റാണ്. അതിനാൽ വീഡിയോ ദൃശ്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നടപടിയുണ്ടാകണമെന്നും കെ സുധാകരൻ  പരാതിയിൽ ആവശ്യപ്പെടുന്നു. 

വെബ് കാസ്റ്റിങ് ദൃശ്യങ്ങൾക്ക് പുറമെ ഇലക്ഷൻ കമ്മീഷൻ  ബൂത്തുകളിൽ  സ്ഥാപിച്ച ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും സിപിഎം ഇന്നലെ പുറത്തു വിട്ടിരുന്നു. ഇതിനെതിരെയാണ് സുധാകരൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചിരിക്കുന്നത്.