പത്തനംതിട്ട: ശബരിമലയില്‍ ബിജെപി നടത്തിയ സമരങ്ങളുടെ ലിറ്റ്മസ് ടെസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട പത്തനംതിട്ടയിലെ മത്സരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പോയിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ഒരു മാസത്തിലേറെയാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. കേരളത്തില്‍ ബിജെപി നടത്തിയ ശബരിമല സമരത്തിന്റ പ്രതീകമായി സുരേന്ദ്രന്‍ മാറി. എന്നാല്‍ ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നത കാരണം അദ്ദേഹത്തെ പത്തനംതിട്ട മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ തയ്യാറായില്ല. സംസ്ഥാനഘടകം നല്‍കിയ പട്ടികയില്‍ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് കേന്ദ്ര നേതൃത്വമാണ് പത്തനംതിട്ടയില്‍ സുരേന്ദ്രനെ മല്‍സരിപ്പിച്ചത്.

വലിയ ഓളമാണ് സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിച്ചത് എന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞത്. ഒപ്പം ദേശീയ തലത്തില്‍ തന്നെ പത്തനംതിട്ട വലിയ ശ്രദ്ധ നേടി. അഭിപ്രായ സര്‍വെകളിലും മറ്റും സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താണ് എന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വോട്ട് എണ്ണിയപ്പോള്‍ ഫലം വ്യത്യസ്തമായിരുന്നു.

കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്താണ് എത്തിയത്. ഒരു നിയമസഭ മണ്ഡലമൊഴികെ ബാക്കിയെവിടെയും ബിജെപിക്ക് രണ്ടാം സ്ഥാനത്തുപോലും എത്താന്‍ കഴിഞ്ഞില്ല.
ശബരിമലയുള്‍പ്പെട്ട മണ്ഡലമായ റാന്നിയില്‍ പോലും കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. പിസി ജോര്‍ജ്ജിന്‍റെ പിന്തുണയുമായിട്ടാണ് കെ സുരേന്ദ്രന്‍ ഈ മേഖലയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജോര്‍ജ്ജിന്റെ പിന്തുണയും സുരേന്ദ്രനെ സഹായിച്ചില്ല. ഇവിടെ രണ്ടാം സ്ഥാനത്തുള്ള വീണാ ജോര്‍ജ്ജിനെക്കാള്‍ 10,000ത്തിലേറെ വോട്ട് കുറവാണ് കെ സുരേന്ദ്രന്.

കാഞ്ഞിരപ്പള്ളി, തിരുവല്ല, ആറിന്‍മുള, കോന്നി നിയമസഭ മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വീണാ ജോര്‍ജ്ജ് മുന്നിലെത്തിയ അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത്.