കോന്നി: വീണ്ടും ശബരിമല വോട്ടാക്കാനുറച്ച് എൻഡിഎ കോന്നിയിൽ കെ സുരേന്ദ്രനെത്തന്നെ ഇറക്കുമെന്നുറപ്പായി. സുരേന്ദ്രൻ സ്ഥാനാർത്ഥിത്വത്തിന് ആദ്യം വിസമ്മതിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് സൂചന. കേന്ദ്ര നേതൃത്വത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയുമെത്തിയിട്ടില്ലെങ്കിലും സുരേന്ദ്രന്‍റെ പേര് പറഞ്ഞുള്ള അനൗദ്യോഗിക പ്രചാരണം മണ്ഡലത്തിൽ എൻഡിഎ തുടങ്ങിക്കഴിഞ്ഞു. കോന്നിയിൽ ത്രികോണമത്സരം നടക്കുമെന്ന് എൻഡിഎ ഘടകകക്ഷി നേതാവ് പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ പാർലമെന്‍റ് തെര‌ഞ്ഞെടുപ്പിൽ കോന്നി ലോക്സഭാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തി. 2016 ലോക്സഭാ മണ്ഡലത്തിലും വോട്ടിംഗ് ശതമാനം കൂട്ടാൻ കഴിഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് കെ സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്.

കോൺഗ്രസ്സിലെ പടലപ്പിണക്കം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ത്രികോണ മത്സര സാധ്യത എൻഡിഎ തള്ളിക്കളയുന്നില്ല. 

ലോക്സഭാ തെരഞ്ഞെടുപ്പിലേത് പോലെ ശബരിമല സ്ത്രീപ്രവേശനം പ്രചാരണ ആയുധമാക്കാനാണ് ബിജെപി നീക്കം. കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങളും സജീവ ചർച്ചയാക്കി വോട്ട് വിഹിതം കൂട്ടാമെന്നും എൻഡിഎ പ്രതീക്ഷിക്കുന്നു.

അരൂർ ബിജെപി ഏറ്റെടുക്കും

എന്നാൽ കോന്നിയിലും അരൂരിലും തിരിച്ചടിയാകുക ബിഡിജെഎസ് നിലപാടാണ്. തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ് അരൂരിൽ മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ദില്ലിയിലെത്തി അതൃപ്തിയും പ്രകടിപ്പിച്ചു. 

''ഈ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥി എവിടെയും മത്സരിക്കേണ്ടെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പൊതു അഭിപ്രായം. എന്തായാലും നാളെ ദില്ലിക്ക് പോയി അമിത് ഷായെ കണ്ട് ധാരണയിലെത്താനാണ് എന്നെ ബിഡിജെഎസ് കൗൺസിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിജെപിക്ക് ഞങ്ങളോട് പല കാര്യങ്ങളും സംസാരിച്ച് ഒരു സമവായത്തിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തിലെ എൻഡിഎ സംഘ‍ടനാ സംവിധാനം ശക്തമല്ല. ബൂത്ത് തലത്തിലുൾപ്പടെ കൃത്യമായ വോട്ടർമാരുടെ പട്ടികയടക്കം ഞങ്ങളുടെ പക്കലുണ്ട്. എന്നാലതൊന്നും എൻഡിഎയിൽ കൃത്യമായില്ല. ഇതിനർത്ഥം ഞങ്ങൾ എൻഡിഎ വിടാൻ പോകുന്നെന്നോ അത്തരത്തിൽ പ്രശ്നമുണ്ടാക്കുമെന്നോ അല്ല'', എന്നാണ് നേതൃയോഗത്തിന് ശേഷം തുഷാർ വാർത്താസമ്മേളനം വിളിച്ച് പറഞ്ഞത്. 

കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയ സ്ഥാനമാനങ്ങൾ ഇനിയും കിട്ടാത്തതിലാണ് ബിഡിജെസ് പ്രതിഷേധം. പക്ഷെ അത് മാത്രമല്ല കാര്യം. തുഷാർ അജ്മാനിൽ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലായപ്പോൾ ബിജെപി നേതാക്കൾ തുടർന്ന തണുപ്പൻ സമീപനത്തിൽ ബിഡിജെഎസിന് അതൃപ്തിയുണ്ട്. മോചനത്തിനായി പിണറായി ഇടപെട്ടതോടെ പാർട്ടി മുന്നണി വിടണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശൻ വീണ്ടും ശക്തമാക്കിയിട്ടുമുണ്ട്.

കോന്നിയിലും അരൂരും പൂർണമായും ഈഴവ വോട്ടുകൾ എൻഡിഎയ്ക്ക് കിട്ടുന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിലാണ് അരൂർ സീറ്റ് ബിജെപി ഏറ്റെടുക്കുന്നത്. ആരാകും സ്ഥാനാർത്ഥിയെന്നതിൽ അന്തിമതീരുമാനമായില്ലെങ്കിലും.