Asianet News MalayalamAsianet News Malayalam

'എന്‍റെ ദൈവമേ' എതിർസ്ഥാനാർത്ഥിയുടെ പേര് കേട്ടപ്പോൾ തന്നെ ഞെട്ടി: കടന്നപ്പള്ളി രാമചന്ദ്രൻ

"ഞാനന്ന് കെഎസ്‍യുവിൽ നിന്ന് വന്ന ചെറിയ പയ്യൻ.. ഇന്നത്തെക്കാളും മെലിഞ്ഞ ശരീരം. കണ്ടവരൊക്കെ മൂക്കത്ത് വിരൽ വെച്ചു" കടന്നപ്പള്ളി ഓർമിക്കുന്നു

kadannappalli ramachandran remembering his first election candidature ship
Author
Kannur, First Published Mar 7, 2019, 8:38 PM IST

കണ്ണൂർ: കാസർഗോഡ് മണ്ഡലത്തിൽ സാക്ഷാൽ ഇ കെ നായനാരെ ഇരുപത്തെട്ടായിരത്തിലധികം വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു കടന്നപ്പള്ളി രാമചന്ദ്രൻ ലോക്സഭയിലേക്കെത്തിയത്. 1971ലെ ആവേശകരമായ ആ തെരഞ്ഞെടുപ്പ് ഇന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മനസ്സിൽ നിന്ന് മായുന്നില്ല.

എകെജി തുടർച്ചയായി മൂന്ന് തവണ ജയിച്ചുകയറിയ മണ്ഡലത്തിൽ മത്സരിക്കാൻ പോകാൻ ഇരുപത്തിയാറുകാരൻ പയ്യനോട് പാർട്ടി പറഞ്ഞപ്പോൾ എന്‍റെ ദൈവമേ എന്നായിരുന്നു ആദ്യ പ്രതികരണം. ഇ കെ നായനാരാണ് എതിർ സ്ഥാനാർത്ഥിയെന്നറിഞ്ഞതോടെ ഞെട്ടൽ വീണ്ടും. പ്രചാരണത്തിനിറങ്ങിയപ്പോഴാകട്ടെ സ്ഥാനാർത്ഥിയെ കണ്ട് വോട്ടർമാർക്ക് കൗതുകമായെന്നും കടന്നപ്പള്ളി.

"ഞാനന്ന് കെഎസ്‍യുവിൽ നിന്ന് വന്ന ചെറിയ പയ്യൻ.. ഇന്നത്തെക്കാളും മെലിഞ്ഞ ശരീരം. കണ്ടവരൊക്കെ മൂക്കത്ത് വിരൽ വെച്ചു" കടന്നപ്പള്ളി ഓർമിക്കുന്നു.

കയ്യൂരടക്കമുള്ള ചെങ്കോട്ടകളിൽ വോട്ട് തേടി, കെ എസ് യു സംസ്ഥാന പ്രസിഡന്‍റായിരുന്ന കടന്നപ്പള്ളി പിന്നീട് ഒരു പൊരുതലായിരുന്നു. പശുവും കിടാവുമായിരുന്നു ചിഹ്നം. ചിഹ്നം ലളിതമായി പരിചയപ്പെടുത്തി വോട്ടർമാരെ കൈയിലെടുത്തു. ഒടുവിൽ, ബാലറ്റ് പെട്ടി പൊട്ടിച്ചപ്പോൾ ആദ്യം തന്നെക്കണ്ട് മൂക്കത്ത് വിരൽ വെച്ച വോട്ടർമാരെയും, സാക്ഷാൽ നായനാരെയും തന്നെത്തന്നെയും ഞെട്ടിച്ച് ഇരുപത്തെട്ടായിരത്തിലധികം വോട്ടുകൾക്ക് കടന്നപ്പള്ളിയുടെ ചരിത്ര ജയം.

പ്രചാരണത്തിനിടെ ഏറെവൈകിയ തന്നെക്കാത്തുനിന്ന സ്ത്രി വഴിമധ്യേ പ്രസവിച്ചതും പിന്നീട് അവരെ കാണാൻ പോയതുമെല്ലാം കടന്നപ്പള്ളി രസകരമായി ഓർക്കുന്നു. ഒടുവിൽ തൊട്ടടുത്ത വീട്ടിൽ ഷീറ്റ് കൊണ്ട് മറച്ച സ്ഥലത്ത് ജനിച്ച കുട്ടിയ്ക്ക് അവർ രാമചന്ദ്രനെന്ന് പേരിട്ടെന്നും കടന്നപ്പള്ളി.

പിന്നീടൊരിക്കൽക്കൂടി കാസർഗോഡ് നിന്ന് വിജയിച്ച കടന്നപ്പള്ളി, ഇടത് മുന്നണിയുടെ ഭാഗമായതും പിന്നീടുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളിലും ഈ കടന്നപ്പള്ളി ടച്ച് നിലനിർത്തിയതുമെല്ലാം ചരിത്രമാണ്.

Follow Us:
Download App:
  • android
  • ios