Asianet News MalayalamAsianet News Malayalam

മോദിയെ പുകഴ്‍ത്തിയ രാജസ്ഥാൻ ഗവർണർ കുരുക്കിൽ, വേണ്ട നടപടിയെടുക്കാൻ കേന്ദ്രത്തോട് രാഷ്ട്രപതി

മോദി വീണ്ടും അധികാരത്തിൽ വരണം, അത് രാജ്യത്തിന്‍റെ ആവശ്യമാണ് - എന്നാണ് രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് പറഞ്ഞത്. ഇത് ചട്ടലംഘനമാണെന്ന് കമ്മീഷൻ രാഷ്ട്രപതിയെ അറിയിച്ചിരുന്നു. 

kalyan singh rajasthan governor controversial remark over modi
Author
Jaipur, First Published Apr 4, 2019, 4:17 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‍ത്തിയ രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്‍റെ നടപടിയിൽ രാഷ്ട്രപതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. മോദി വീണ്ടും അധികാരത്തിൽ വരണം, അത് രാജ്യത്തിന്‍റെ ആവശ്യമാണെന്നായിരുന്നു കല്യാൺ സിംഗ് പറഞ്ഞത്. ഗവർണർ സ്ഥാനത്തു നിന്ന് ഇത്തരമൊരു പരാമർശം നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയാണെന്ന് കേന്ദ്ര തെരഞ്ഞെ‍ടുപ്പ് കമ്മീഷൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് 'വേണ്ട നടപടി' എടുക്കണമെന്ന് കാട്ടി രാഷ്ട്രപതി ഫയൽ കേന്ദ്രസർക്കാരിന് കൈമാറിയത്. 

ഗവർണർമാർ രാഷ്ട്രപതിയുടെ പ്രതിനിധികളായതിനാലാണ് ചട്ടലംഘനത്തെക്കുറിച്ച് അദ്ദേഹത്തിന് തന്നെ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിശോധിച്ച രാഷ്ട്രപതി ഫയൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. കല്യാൺ സിംഗിനെതിരെ നടപടി വന്നേക്കുമെന്ന സൂചന തന്നെയാണ് രാഷ്ട്രപതിയുടെ നടപടിയിൽ നിന്ന് ലഭിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തുന്നതും നടപടിക്ക് വിധേയനാകേണ്ടി വരുന്ന സ്ഥിതി വരുന്നത്. ഗവർണറെപ്പോലുള്ള ഭരണഘടനാപദവികൾക്ക് യഥാർത്ഥത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല. പക്ഷേ, പദവിയോടുള്ള മര്യാദ കണക്കിലെടുത്ത് സാധാരണ ഗവർണർമാർ രാഷ്ട്രീയപ്രസ്താവനകൾ നടത്താറില്ല.

കല്യാൺ സിംഗിനെതിരെ പരാതി നൽകാൻ കോൺഗ്രസ് രാഷ്ട്രപതിയുടെ സമയം തേടി. നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കണം എന്ന കല്യാൺ സിംഗിന്‍റെ പ്രസ്താവന ചട്ടലംഘനമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. താൻ ഒരു ബിജെപി പ്രവർത്തകനാണ് എന്ന പ്രസ്താവനയിലൂടെ കല്യാൺ സിംഗ് ഗവർണർ പദവിയുടെ അന്തസ് ഇടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.

കല്യാൺ സിംഗിന്‍റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ല എന്നായിരുന്നു രാഷ്ട്രപതിഭവന്‍റെ നിലപാട്. ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടൽ.

Follow Us:
Download App:
  • android
  • ios