ചെന്നൈ: 'ഗോഡ്‍സെ തീവ്രവാദി' പരാമർശത്തിൽ മക്കൾ നീതി മയ്യം പ്രസിഡന്‍റ് കമൽഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. കമൽ ഹാസനെ ഈ കേസിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. മദ്രാസ് ഹൈക്കോടതിയിൽ കമൽഹാസൻ മുൻകൂർ ജാമ്യം തേടി ഹർജി നൽകിയിരുന്നു. പ്രസ്താവന പിൻവലിക്കില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കമൽഹാസൻ നേരത്തേ വ്യക്തമാക്കിയിരുന്നു. 

'സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‍സെയാണെ'ന്നായിരുന്നു കമൽഹാസന്‍റെ പരാമർശം. ഇത് ആളുകളെ ഭിന്നിപ്പിക്കുന്ന പരാമർശമാണെന്ന് കാട്ടി തമിഴ്‍നാട് സർക്കാർ കമൽഹാസനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയിരുന്നു. 

ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തമിഴ്‍നാട് മന്ത്രി കെ ടി രാജേന്ദ്രബാലാജിയാകട്ടെ കമൽഹാസന്‍റെ നാക്ക് വെട്ടിമാറ്റണമെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപിച്ചത്. 

പ്രസ്താവനക്ക് പിന്നാലെ കമൽഹാസനെതിരെ രണ്ട് തവണ ആക്രമണമുണ്ടായിരുന്നു. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കമൽ ഹാസന് നേരെ ഒരു വിഭാഗം ആളുകൾ ചീമുട്ടയും കല്ലും എറിഞ്ഞു. ഹിന്ദു മുന്നണി പ്രവർത്തകരാണ് കമൽ ഹാസനെ ആക്രമിച്ചത്. നേരെത്തെ മധുരയിലെ തിരുപ്പറൻകുൻഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി ഹനുമാൻ സേന പ്രവർത്തകർ ചെരിപ്പെറിഞ്ഞിരുന്നു.

അക്രമണങ്ങൾക്ക് പിന്നാലെ മറുപടിയുമായി കമൽ ഹാസന്‍ രംഗത്തെത്തി. സത്യത്തെ നിന്ദിക്കുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സത്യസന്ധയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ പരീക്ഷണമാണ് ഇതെന്ന് കമല്‍ പറഞ്ഞു. പാർട്ടി പ്രവർത്തകരും ആരാധകരും അക്രമത്തിലേക്ക് തിരിയരുതെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു.