പാറ്റ്ന: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കനയ്യകുമാർ തൊഴിൽ രഹിതനെന്ന് സത്യവാങ്മൂലം. തന്റെ ആകെ ആസ്തി ആറ് ലക്ഷം രൂപ മാത്രമാണെന്ന് കനയ്യ  സത്യവാങ്മൂലത്തിൽ പറയുന്നു.

വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുള്ള അഞ്ച് കേസുകളാണ് കനയ്യ കുമാറിന്റെ പേരിലുള്ളത്. വിവധ സർവ്വകലാശാലകളിൽ ​ഗസ്റ്റ് അധ്യാപകനായും മാ​ഗസിനുകളിൽ എഴുതിയും കനയ്യ പണം സമ്പാതിക്കുന്നുണ്ട്. തന്റെ 'ബിഹാര്‍ ടു തിഹാര്‍' എന്ന പുസ്തകം വിറ്റുകിട്ടുന്ന പണമാണ് കനയ്യയുടെ പ്രധാന വരുമാനമാർ​ഗമെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.

24,000 രൂപ കൈവശമുള്ള കനയ്യക്ക് ബാങ്കിൽ 3,57,848 രൂപയുടെ നിക്ഷേപമുണ്ട്. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഒരു വീട് ബെഗുസരായിലുണ്ട്. ഇത് പൂര്‍വ്വിക സ്വത്തായി ലഭിച്ചതാണ്. അച്ഛൻ കർഷകനും അമ്മ അം​ഗണവാ‍ടി തൊഴിലാളിയുമാണെന്ന് സത്യവാങ്മൂലത്തിൽ കനയ്യ പറയുന്നു. 

ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റായ കനയ്യ ബെഗുസരായി മണ്ഡലത്തിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസമാണ് കനയ്യ പ്രവർത്തകർക്കൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

അതേസമയം  കനയ്യകുമാറിന് വേണ്ടി ഓൺലൈനായി നടത്തിയ ഫണ്ട് പിരിവിൽ 70 ലക്ഷം രൂപ സമാഹരിച്ചിരുന്നു.       അവർ ഡെമോക്രസി (Our Democracy) എന്ന ക്രൗഡ്‌ഫണ്ടിങ് പ്ലാറ്റ്ഫോം വഴിയാണ് കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് പണം സമാഹരിക്കുന്നത്.