ബിഹാര്‍: കനയ്യ കുമാറിന്‍റെ തെര‍ഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നടന്ന റോഡ് ഷോ നാട്ടുകാര്‍ തടഞ്ഞു. എന്ത് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ചോദിച്ച് കൊണ്ടായിരുന്നു ഉപരോധം. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് കനയ്യ കുമാര്‍. 

ബുധനാഴ്ചയാണ് കനയ്യ കുമാറിന്‍റെ റോഡ് ഷോ നാട്ടുകാര്‍ തടഞ്ഞത്. എന്ത് സ്വാതന്ത്യമാണ് വേണ്ടത് എന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. ജെഎന്‍യു സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ കനയ്യ കുമാറിനെ തടഞ്ഞത്. ദേശീയ മാധ്യമങ്ങളാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്. പ്രതിഷേധക്കാരില്‍ ഒരാള്‍ 2016-ലെ ജെഎന്‍യു സംഭവത്തെക്കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

2016 ഫെബ്രുവരി 12-ന് ജെഎന്‍യുവിലെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ മുൻ അംഗങ്ങൾ 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന ചടങ്ങിൽ രാജ്യദ്രോഹപ്രസംഗം നടത്തിയെന്നായിരുന്നു ആരോപിച്ചായിരുന്നു കനയ്യ കുമാര്‍ അറസ്റ്റിലായത്. 

പിന്നീട് ജയില്‍ മോചിതനായ കനയ്യ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിജെപിയുടെ ഗിരിരാജ് സിങാണ് ബെഗുസരായില്‍ കനയ്യയുടെ എതിരാളി.