കണ്ണൂർ: സംസ്ഥാനത്തെ ഉയർന്ന പോളിംഗ് കണ്ണൂരിൽ രേഖപ്പെടുത്തിയതിന് പിന്നാലെ കള്ളവോട്ട് ആരോപണം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. കള്ളവോട്ട് നടന്ന ബൂത്തുകളുടെ പേരുകളും നമ്പരും സഹിതമാണ് നീക്കം. അതേസമയം, ഉയർന്ന പോളിങ് ശതമാനത്തിൽ ഇരു മുന്നണികളും ഒരുപോലെ ആത്മവിശ്വാസത്തിലും ആശങ്കയിലുമാണ്.

പതിനഞ്ചിലധികം പഞ്ചായത്തുകളിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നുവെന്നാണ് കോൺഗ്രസ് ആരോപണം. വെബ്കാസ്റ്റിങ് ദൃശ്യങ്ങളടക്കം ഉപയോഗിച്ച് ഇവ പുറത്തുവിടാനാണ് നീക്കം. അതേസമയം, തളിപ്പറമ്പിലെ ചില മേഖലകളിലടക്കം യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നു. ആരോപണങ്ങൾ മുറുകുന്നതിനിടെ, ഉയർന്ന പോളിംഗ് മുന്നണികളുടെ കണക്കുകൂട്ടലുകൾക്ക് പിടിനൽകുന്നില്ല. ഇടത് ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം എന്നിവയ്ക്ക് പുറമെ യുഡിഎഫ് കോട്ടകളായ ഇരിക്കൂർ പേരാവൂർ മണ്ഡലങ്ങളിലും പോളിംഗ് കുതിച്ചുയർന്നു. 

നല്ല മത്സരം നടക്കുകയും ന്യൂനപക്ഷ വോട്ടുകൾ നിർണായകമാവുകയും ചെയ്യുന്ന അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ പോളിംഗ് മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ ഉയർത്തിയ ശക്തമായ പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ വീഴ്ത്തുമെന്നാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്. സ്വന്തം വോട്ടുകൾ എല്ലായിടത്തും പോൾ ചെയ്യിക്കാനുമായി. പി കെ ശ്രീമതി നടത്തിയ വികസനവും വോട്ടാകും. എന്നാൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ താഴെത്തട്ടിലെ പ്രവർത്തനം പാളിയെന്ന് ഇടത് ക്യാംപിൽ വിലയിരുത്തലുണ്ട്. പി ജയരാജനൊപ്പം ജില്ലയിലെ വലിയൊരു വിഭാഗം വടകരയിൽ കേന്ദ്രീകരിച്ചതും പ്രവർത്തനങ്ങളുടെ ഏകോപനത്തെയും ആസൂത്രണത്തെയും ബാധിച്ചു. 

അതേസമയം, രാഹുലിന്‍റെ നേതൃത്വം, ജമാഅത്തെ ഇസ്ലാമിയുടേതടക്കം ന്യൂനപക്ഷ പിന്തുണ എന്നിവയിൽ ശക്തമായ പ്രതീക്ഷയാണ് യുഡിഎഫിന് ഉള്ളത്. കൊലപാതക രാഷ്ട്രീയത്തിലെ അതൃപ്തി, ശബരിമല വിഷയത്തിലെ വോട്ടുകൾ എന്നിവ കൂടിയാകുന്നതോടെ 2009ലേതിന് സമാനമായി നാൽപ്പതിനായിരത്തിന് മുകളിലേക്ക് ലീഡ് പോകുമെന്ന് യുഡിഎഫ് കണക്കാക്കുന്നു. സംഘടന പ്രശ്നങ്ങൾ മറികടന്ന് ശക്തികേന്ദ്രങ്ങളിൽ നടത്തിയ പ്രവർത്തനം വോട്ടിങ് നില ഉയർത്തുന്നതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളില്‍ സിപിഎമ്മിനെ മറികടക്കാനായെന്ന കടുത്ത ആത്മവിശ്വാസം യുഡിഎഫിനുണ്ട്. ശബരിമല വിഷയത്തിലെ നിഗൂഢതക്കൊപ്പം കൃത്യമായ രാഷ്ട്രീയ വോട്ടിങ് നടത്തിയ ന്യൂനപക്ഷ മനസ്സ് ആർക്കൊപ്പം നിന്നുവെന്നതാകും കണ്ണൂരിലെ ഫലത്തെ നിർണയിക്കുക.