അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോള്‍ ഭാവിയില്‍ തങ്ങള്‍ ചെയ്യുമെന്നാണ് യെദ്യൂരപ്പ മറുപടി നല്‍കിയത്. അപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അത് എപ്പോള്‍ എന്ന ചോദ്യം ഉന്നയിച്ചു

ബംഗളൂരു: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചോദിച്ചപ്പോള്‍ ക്ഷുഭിതനായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. കര്‍ണാടകയിലെ ഗുല്‍ബാര്‍ഗയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ യെദ്യൂരപ്പ ക്ഷുഭിതനായത്.

വാര്‍ത്ത സമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ബിജെപിയുടെ നേട്ടങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോള്‍ ഭാവിയില്‍ തങ്ങള്‍ ചെയ്യുമെന്നാണ് യെദ്യൂരപ്പ മറുപടി നല്‍കിയത്.

അപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അത് എപ്പോള്‍ എന്ന ചോദ്യം ഉന്നയിച്ചു. ഇതോടെ ദേഷ്യപ്പെട്ട യെദ്യൂരപ്പ അഞ്ച് വര്‍ഷം കൊണ്ട് എല്ലാ കാര്യവും ചെയ്യാനാകില്ലെന്ന് മറുപടി പറഞ്ഞു. അഞ്ച് വര്‍ഷം ചെയ്തില്ലെങ്കില്‍ ഭാവിയില്‍ ചെയ്യും. എല്ലാം ചെയ്തുവെന്ന് താന്‍ പറയുന്നില്ല. അഞ്ച് വര്‍ഷം കൊണ്ട് എല്ലാം ചെയ്യുമെന്നും താന്‍ പറഞ്ഞിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

ദയവായി തര്‍ക്കിക്കരുത്. എല്ലാം ചെയ്തുവെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. രാജ്യത്തിന്‍റെ അങ്ങോളമിങ്ങോളം അതിന് തുടക്കമിട്ടുണ്ട്. വാഗ്ദാനം നല്‍കിയ കാര്യങ്ങള്‍ ചെയ്യുക എന്നത് തങ്ങളുടെ കടമയാണെന്നും യെദ്യൂരപ്പ പറഞ്ഞു.