ബെംഗലുരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടകത്തിൽ നിന്നും മത്സരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം. സംസ്ഥാനത്തെ പാർട്ടിയുടെ ഉറച്ച സീറ്റിൽ മത്സരിക്കാൻ രാഹുലിനോട് അഭ്യർത്ഥിച്ചുവെന്ന് പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്‍റാവു പറഞ്ഞു. 

തെക്കേ ഇന്ത്യയിൽ നിന്നും രാഹുൽ കോൺഗ്രസിന്‍റെ പ്രതിനിധിയാവണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. സോണിയ ഗാന്ധി മത്സരിച്ച ബെല്ലാരിയിൽ രാഹുൽ ജനവിധി തേടണമെന്ന ആവശ്യം നേരത്തെ പ്രവർത്തകർ ഉന്നയിച്ചിരുന്നു. 

1999ലാണ് സോണിയ ഗാന്ധി സുഷ്മ സ്വരാജിനെ ബെല്ലാരിയിൽ തോൽപ്പിച്ചത്. അമേഠിയിലും ബെല്ലാരിയിലും ഒരുമിച്ചു മത്സരിച്ച സോണിയ ഈ മണ്ഡലം ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും തെരഞ്ഞെടുപ്പുണ്ടാകുകയും ചെയ്തു.

1952 മുതൽ 2000 വരെയുള്ള കാലയളവിൽ കോൺഗ്രസ്സ് അടക്കി ഭരിച്ച മണ്ഡലമാണ് ബെല്ലാരി. ബി ശ്രീരാമുലുവിനെപ്പോലുള്ള നേതാക്കളെ ഉപയോഗിച്ചുള്ള തന്ത്രപരമായ നീക്കവും മണ്ഡലത്തിലെ പ്രമാണിത്തവും വഴി മണ്ഡലം ബെല്ലാരി സഹോദരങ്ങൾ സ്വന്തമാക്കുകയായിരുന്നു.