കാസർകോട്: കള്ളവോട്ട് നടന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ പോളിംഗിന്‍റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യമാക്കി. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ ഇതോടെ പൊതുജനങ്ങൾക്ക് കാണാനാകില്ല. കണ്ണൂർ, കാസർകോട് കളക്ടർമാർക്ക് മാത്രമേ ഇവിടത്തെ ദൃശ്യങ്ങൾ കാണാനാകൂ. 

ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖയാണെന്നും അതിനാലാണ് രഹസ്യമാക്കി വച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരികൾ കൂടിയായ കളക്ടർമാരുടെ നടപടി. ഏപ്രിൽ 23-ന് നടത്തിയ വോട്ടെടുപ്പിൽ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ തത്സമയം വെബ്സൈറ്റിൽ ലഭ്യമായിരുന്നു. www.webcastkeralage2019.com എന്ന വെബ്സൈറ്റിലായിരുന്നു ദൃശ്യങ്ങൾ ലഭ്യമായിരുന്നത്. ഇപ്പോൾ ആ ദൃശ്യങ്ങൾ ലഭ്യമല്ല (Access Denied) എന്ന സന്ദേശമാണ് ലഭിക്കുക.

ഇത് കഴിഞ്ഞ പോളിംഗ് ദിവസം ലഭ്യമായിരുന്നല്ലോ എന്ന ചോദ്യത്തിന്, അത് സൈറ്റിൽ ചിലർ കടന്നുകയറിയതാണ് എന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നത്. ഏപ്രിൽ 23-ലെ തെരഞ്ഞെടുപ്പിൽ നടന്ന പോളിംഗിലെ കള്ളവോട്ട് പ്രധാനമായും പുറത്തുവന്നത് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളിലൂടെയാണ്. ഓരോ ബൂത്തുകളിലും വോട്ടുള്ള പ്രവാസികൾ ഗൾഫിലിരുന്ന് വോട്ടെടുപ്പ് തത്സമയം കാണുകയും സ്ക്രീൻ ഷോട്ടെടുത്ത് പരാതി നൽകിയതിലൂടെയാണ് റീപോളിംഗ് നടത്തേണ്ടി വന്നത്. കൂളിയാട് സ്കൂളിലടക്കം വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ പൊതുജനങ്ങൾ കണ്ട്, സ്ക്രീൻ ഷോട്ട് ചെയ്ത് പരാതി നൽകിയതിലൂടെയാണ് റീപോളിംഗിന് കളമൊരുങ്ങിയത്. കണ്ണൂരിൽ അടക്കം യുഡിഎഫിന് പോളിംഗ് ഏജന്‍റുമാരില്ലാത്ത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ പരാതി നൽകുന്നതിൽ നിർണായക രേഖയായി. 

അതേസമയം, പാമ്പുരുത്തിയിലെ പോളിംഗിൽ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളല്ല, വീഡിയോഗ്രാഫി ദൃശ്യങ്ങളാണ് കള്ളവോട്ട് കണ്ടെത്തുന്നതിൽ നിർണായകമായിരുന്നത്. ഇവിടെ യുഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്നാണ് തെളിഞ്ഞത്. ഇത് പൊതുരേഖയായിരുന്നില്ല. ഇത് കളക്ടറേറ്റ് ഓഫീസിൽ സൂക്ഷിച്ചിരുന്നതാണ്. ഇവിടെ നിന്ന് ദൃശ്യങ്ങൾ ചോർന്നാണ് കള്ളവോട്ട് പരാതിയുയർന്നത്. എവിടെ നിന്ന്, ആരാണ് ഇത് ചോർത്തിയതെന്നതിൽ അന്വേഷണം നടക്കുകയാണ്. സിപിഎം പ്രവർത്തകർ ചോർത്തിയെന്നാണ് യുഡിഎഫിന്‍റെ ആരോപണം.

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശ്ശേരിയിൽ ബൂത്ത് നമ്പർ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടക്കുന്നത്.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് ബൂത്തുകളിലാണ് റീപോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിൽ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക.  ധർമ്മടത്ത് കുന്നിരിക്കയിലും വേങ്ങോട്ടുമാണ് റീ പോളിംഗ്. തൃക്കരിപ്പൂരിൽ കൂളിയാട് ജിഎച്ച്എസിൽ ആണ് ഇന്ന് റീ പോളിംഗ് നടക്കുക. 

ഇതിനിടെ, റീപോളിംഗ് നടക്കുന്ന പിലാത്തറയിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയിൽ നിന്ന് പുറത്ത് പോയില്ലെന്ന് കാട്ടി സിപിഎം പ്രവർത്തകർ ബഹളം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ തവണ ശാലറ്റിന്‍റെ വോട്ട് കള്ളവോട്ടായി മറ്റൊരാൾ രേഖപ്പെടുത്തിയിരുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് ശാലറ്റിനെ പൊലീസ് വാഹനത്തിൽ സ്ഥലത്ത് നിന്ന് മാറ്റി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.