കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കള്ള വോട്ട് പരാതികളിൽ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയേക്കും. വരണാധികാരിയായ കാസർഗോഡ് ജില്ലാ കളക്ടറാണ് പരാതിയിൽ തെളിവെടുപ്പ് നടത്തുന്നത്. കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി സ്കൂളിലെ 69, 70 ബൂത്തുകളിലും തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെ കൂളിയാട് സ്കൂളിലെ 48 ആം ബൂത്തിലും കള്ളവോട്ട് ചെയ്തെന്ന പരാതിയിലാണ് ഇന്ന് കളക്ടർ പരാതി കേൾക്കുന്നത്. 

കള്ളവോട്ട് ആരോപണ വിധേയരോടും പോളിംഗ് ഉദ്യോഗസ്ഥരോടും ഇന്ന് ഹാജരാകാൻ കളക്ടർ നോട്ടീസ് നൽകിയിട്ടുണ്ട്. ബൂത്തിൽ വെബ് കാസ്റ്റിംഗ് നടത്തിയവർക്കും ബൂത്ത് ലെവൽ ഓഫീസർക്കും പരാതിയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. 

ചീമേനി 47 ആം ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ശ്യാം കുമാറിൽ നിന്നും ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ ബൂത്തിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളും ഇന്ന് പരിശോധിക്കും. ഇതിന് ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണ‌ർക്ക് റിപ്പോർട്ട് ൻൽകുക.