ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്ത, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെ അപമാനിച്ചാൽ നോവുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ മനസ്സാണ്. അത് മനസ്സിലാക്കാൻ മോദി അധികം കാത്തിരിക്കേണ്ടി വരില്ല- വേണുഗോപാല്‍ പറഞ്ഞു.

ദില്ലി: രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് മറുപടി നല്‍കി കെസി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പരാജയഭീതിയില്‍ സമനില തെറ്റിയ പ്രധാനമന്ത്രിയെ രാജ്യം എത്ര നാള്‍ സഹിക്കണം എന്നാണ് കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്ത, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെ അപമാനിച്ചാൽ നോവുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ മനസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെസി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

പരാജയഭീതിയിൽ സമനില തെറ്റിയ ഒരു പ്രധാനമന്ത്രിയെ രാജ്യം ഇനി എത്ര നാൾ സഹിക്കണം ? അധപതനത്തിന്റെ അങ്ങേയറ്റമെത്തിയിരിക്കുന്നു നരേന്ദ്ര മോദിയുടെ വാക്കുകൾ. റഫേൽ കരാറിലെ അഴിമതിയുടെ ഏടുകൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. അതിൽ വിറളി പൂണ്ട മോദിയുടെ വാക്കുകൾ പ്രധാന മന്ത്രി എന്ന പദവിക്ക് നിരക്കുന്നതല്ല. ആധുനീക ഇന്ത്യയെ കെട്ടിപ്പടുത്ത, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെഅപമാനിച്ചാൽനോവുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ മനസ്സാണ്. അത് മനസ്സിലാക്കാൻ മോദി അധികം കാത്തിരിക്കേണ്ടി വരില്ല.

ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി മരണമടഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സ്വന്തം അഴിമതിക്കറ അച്ഛന്‍റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. യുദ്ധം അവസാനിച്ചെന്നും മോദിയുടെ കർമ്മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. മോദിക്ക് സ്നേഹവും ആലിംഗനവും നൽകുന്നുവെന്ന് പറഞ്ഞാണ് രാഹുൽ ട്വീറ്റ് അവസാനിപ്പിക്കുന്നത്. 

Scroll to load tweet…