തുഷാറുമായി നടത്തുന്ന ചര്‍ച്ചകളിൽ അന്തിമ രൂപം ആയ ശേഷം വൈകീട്ട് പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ പട്ടിക അവതരിപ്പിക്കും. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത

ദില്ലി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയിൽ ദില്ലിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള നടന്ന ചര്‍ച്ചയിലും അന്തിമ രൂപമായില്ല. ഇന്ന് രാവിലെ ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം എടുക്കുക. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായി. തൃശൂരിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 

മല്‍സരിക്കാനില്ലെന്ന സൂചന തുഷാര്‍ വെളളാപ്പള്ളി ഇന്നലെ നല്‍കിയെങ്കിലും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഇതിനോട് വിയോജിച്ചു. ബിജെപി കേന്ദ്രനേതൃത്വവും തുഷാര്‍ മല്‍സരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. തുഷാറുമായി നടത്തുന്ന ചര്‍ച്ചകളിൽ അന്തിമ രൂപം ആയ ശേഷം വൈകീട്ട് പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ പട്ടിക അവതരിപ്പിക്കും. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനാണ് കേന്ദ്ര നേതൃത്വം ഇന്നലെ മുന്തിയ പരിഗണന നല്‍കിയതെന്നും അതു കൊണ്ട് കേരളത്തിന്‍റെ പട്ടിക സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിഡിജെഎസുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കാനുണ്ട്. ഇതിന് ശേഷം പട്ടികയ്ക്ക് അന്തിമ രൂപം നൽകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.