തിരുവനന്തപുരം: അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കേരളത്തിലെ പ്രചാരണച്ചൂട് ഉയർന്നു. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളെല്ലാം ഇന്ന് പത്രിക സമർപ്പിക്കും. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും മൂന്ന് മുന്നണികളും നേരിടുന്നത് വലിയ വെല്ലുവിളിയാണ്.

പാലായിലെ അട്ടിമറി ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. സിക്സർ പ്രതീക്ഷിച്ച് ആദ്യ വിക്കറ്റ് പോയ യുഡിഎഫിന് അഞ്ചിൽ പോരിൽ മുന്നേറ്റമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. എ പ്ലസ് മണ്ഡലങ്ങളായ മഞ്ചേശ്വരവും വട്ടിയൂർക്കാവും വൻ പ്രതീക്ഷയുള്ള കോന്നിയും ഉള്ളപ്പോൾ താമരക്ക് ഇനിയും കരുത്ത് കാട്ടാതെ വയ്യ. 

പ്രചാരണത്തിൽ ഇടത് കേന്ദ്രബിന്ദു പാല തന്നെ. എന്നാല്‍ പാലാഫലം രാഷ്ട്രീയ വിജയമല്ലെന്നൂന്നിയാണ് യുഡിഎഫ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. സർക്കാർ വിരുദ്ധ വോട്ടും ശബരിമലയുമാണ് ഉന്നം വെക്കുന്നത്. കുമ്മനത്തെ വെട്ടിയതും വോട്ടാക്കാൻ യു ഡി എഫിന് ശ്രമമുണ്ട്. അഞ്ചിൽ നാലും യുഡിഎഫ് സിറ്റിംഗ് സീറ്റാണ്. പോരാത്തതിന് പലയിടത്തും ത്രികോണപ്പോരിന് സമാനമാണ് കാര്യങ്ങള്‍. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കോന്നിയടക്കമുള്ള സിറ്റിംഗ് സീറ്റുകളിൽ  യുഡിഎഫ് നേരിടുന്ന തലവേദന. . രണ്ടിലയിലെ ഉൾപ്പോരിൽ പാലാ കടന്നപോലെ എളുപ്പമല്ല കാര്യങ്ങൾ എന്നതാണ് ഇടത് പക്ഷം നേരിടുന്ന വെല്ലുവിളി.

എറണാകുളം ഒഴിച്ചുള്ള സീറ്റുകളിലെ ത്രികോണപ്പോരിലാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമലയും ഭരണവിരുദ്ധ പ്രചാരണങ്ങളുമാകും പ്രചാരണ ആയുധങ്ങള്‍. കുമ്മനമില്ലാത്തത് വിശദീകരിക്കലാകും ബിജെപിയുടെ പ്രധാന കടമ്പ, തീരാത്ത ഉൾപ്പാർട്ടി പോരും ആർഎസ്എസ് അതൃപ്തിയും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയപ്രശ്നങ്ങളും ബിജെപിക്ക് തലവേദന തന്നെ.