Asianet News MalayalamAsianet News Malayalam

തിരിച്ചടി മറികടക്കാൻ സ്ഥാനാർത്ഥി നിർണയം ശ്രദ്ധയോടെ: എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക വെള്ളിയാഴ്ച

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമാകാതെ സിപിഎം സെക്രട്ടേറിയറ്റ് അവസാനിച്ചു.  ജില്ലാഘടകങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്ത് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ധാരണയായി. സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. 

kerala byelection 2019 ldf  candidates will be announced on friday
Author
Thiruvananthapuram, First Published Sep 24, 2019, 3:12 PM IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയാകാഞ്ഞതിനെത്തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിപ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. 

ഒക്ടോബര്‍ 21ന് ഉപതെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നാളെ  പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന. അഞ്ചിടങ്ങളിലും സിപിഎമ്മിന് തന്നെയാണ് സീറ്റ്. അതുകൊണ്ടു തന്നെ ഇന്ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍. പലയിടത്തും രണ്ടിലധികം പേരുകള്‍ ജില്ലാ നേതൃത്വം മുന്നോട്ടുവച്ച സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിപ്രഖ്യാപനം വൈകുന്നത്.

ജില്ലാഘടകങ്ങള്‍ സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ നടത്തി നാമനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനഘടകത്തെ അറിയിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ വീണ്ടും വിഷയം ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം എടുക്കാം എന്നുമാണ് ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ. 

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഞ്ചിടങ്ങളിലെയും സ്ഥാനാർത്ഥികളെ ശ്രദ്ധയോടെത്തന്നെ തീരുമാനിക്കേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ അത് അത്യന്താപേക്ഷിതമാണ് താനും. ഉറച്ച ജയപ്രതീക്ഷയുള്ള കോന്നിയും അരൂരുമടക്കം രണ്ട് സീറ്റുകളിലും മറ്റ് മൂന്ന് മണ്ഡലങ്ങളിലും കനത്ത മത്സരം കാഴ്ച വയ്ക്കാനാണ് സിപിഎം തീരുമാനം. എകെജി സെന്‍ററിൽ നടന്ന സെക്രട്ടേറിയറ്റിൽ എസ് രാമചന്ദ്രൻ പിള്ളയാണ് പൊളിറ്റ് ബ്യൂറോ പ്രതിനിധിയായി പങ്കെടുത്തത്.

തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്‍റെ പേരിനാണ് വട്ടിയൂർക്കാവിൽ  മുൻതൂക്കം. ഒപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വികെ മധു, യുവനേതാവ് കെ.എസ്.സുനിൽകുമാർ എന്നിവരും പട്ടികയിലുണ്ട്. 

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎമ്മിന് ആശങ്കയുണ്ട്. ബിജെപി കടുത്ത മത്സരം തന്നെ ഇവിടെ കാഴ്ച വയ്ക്കും. കുമ്മനത്തെപ്പോലെ ഒരു സ്ഥാനാർത്ഥിയിറങ്ങിയാൽ നേരിടാൻ നല്ല പ്രതിച്ഛായയുള്ള സ്ഥാനാർത്ഥിയെത്തന്നെ ഇറക്കേണ്ടി വരും. ഇടത് അനുകൂലമല്ലാത്ത, നഗരവോട്ടർമാരുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇവിടെ യുവത്വത്തിന്‍റെ പ്രതീകമായ, മികച്ച ജനപിന്തുണയുള്ള ഒരു നേതാവിനെത്തന്നെ ഇറക്കണമെന്നാണ് സംസ്ഥാനനേതൃത്വത്തിന്‍റെ താത്പര്യം. അതുകൊണ്ടാണ് മേയർ വി കെ പ്രശാന്തിന്‍റെ പേരിനോട് സംസ്ഥാന നേതൃത്വത്തിന് ആഭിമുഖ്യവും. 

എന്നാൽ ജില്ലാ നേതൃത്വവും തിരുവനന്തപുരത്തെ ശക്തനായ നേതാവ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ രണ്ട് തട്ടിലാണ്. പാർട്ടി ജില്ലാ കമ്മിറ്റിയ്ക്കും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും താത്പര്യം കരകൗശലവികസന സമിതി ചെയർമാൻ കെ എസ് സുനിൽകുമാറിനോടാണ്. ഡിവൈഎഫ്ഐ ജില്ലാ നേതാവാണ് കെ എസ് സുനിൽകുമാർ. വട്ടിയൂർക്കാവിൽ നല്ല ബന്ധങ്ങളുള്ള നേതാവുമാണ്. എന്നാൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുന്നോട്ട് വയ്ക്കുന്ന പേര് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധുവിന്‍റേതാണ്. 

Read Also: വട്ടിയൂര്‍ക്കാവില്‍ ആരാകും സ്ഥാനാര്‍ത്ഥി? സിപിഎമ്മില്‍ തര്‍ക്കം മുറുകുന്നു

കോന്നിയിൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,  എം എസ് രാജേന്ദ്രൻ എന്നിവരുടെ പേരാണ് ചർച്ച ചെയ്യപ്പെടുന്നത്. ആലപ്പുഴയിൽ മുൻ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു സ്ഥാനാര്‍ത്ഥിയാകാനാണ് കൂടുതല്‍  സാധ്യത. ഇവിടെ ചിത്തരഞ്ജൻ, മനു സി പുളിക്കൻ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്.

എറണാകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച അനിൽകുമാറിനാണ് കൂടുതൽ സാധ്യത. മഞ്ചേശ്വരത്ത് ജയാനന്ദ, സി എച്ച് കുഞ്ഞമ്പു എന്നിവരാണ് സിപിഎം പട്ടികയിലെ പ്രധാനികൾ.

Follow Us:
Download App:
  • android
  • ios