കോഴിക്കോട്: എസ്‍ഡിപിഐ നേതാക്കളുമായി ഇടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കാനാണ് മുസ്ലീം ലീഗും എസ് ‍ഡിപിഐയും തമ്മിലുള്ള ധാരണയെന്ന് കോടിയേരി ആരോപിച്ചു. ഒരു ചര്‍ച്ചയും നടന്നില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറയുമ്പോൾ ചര്‍ച്ച നടന്നെന്നാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്.

ഈ കൂട്ട് കെട്ട് അപകടകരമായിരിക്കും, എസ്ഡിപിഐയുമായി മുസ്ലീം ലീഗ് ചര്‍ച്ച നടത്തിയതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് നേതാക്കളും യുഡിഎഫ് നേതൃത്വവും തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

പരാജയ ഭീതികൊണ്ട് ആര്‍എസ്എസുമായി പോലും ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം നടക്കുന്നത്. പല മണ്ഡലങ്ങളിലും കോൺഗ്രസ് ആര്‍എസ്എസ് ധാരണയുണ്ടെന്നും കോടിയേരി കോഴിക്കോട്ട് ആരോപിച്ചു. എസ്‍ഡിപിഐയുമായി ചർച്ച നടന്നിട്ടില്ലെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന എന്തോ മറച്ച് വെക്കാനുള്ള വ്യഗ്രത മൂലമാണ്. ലീഗിന് എല്ലാ കാലത്തും വർഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ച ചരിത്രമാണുള്ളതെന്നും കോടിയേരി പറഞ്ഞു.