കോന്നി: തന്‍റെ നോമിനിയായ റോബിൻ പീറ്ററിനെ തഴഞ്ഞ് കോന്നിയിൽ പി മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയതിൽ കടുത്ത അതൃപ്തിയിൽ തുടരുന്ന അടൂർ പ്രകാശ് എംപിയെ അനുനയിപ്പിക്കാൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ന് കോന്നിയിൽ നടക്കുന്ന കൺവെൻഷനിൽ മുല്ലപ്പള്ളി നേരിട്ടെത്തും. ഒപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉണ്ടാകും. മണ്ഡലത്തിലെ മുൻ എംഎൽഎ അടൂർ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നേതൃത്വത്തിന്‍റെ തീവ്രശ്രമം. അടൂർ പ്രകാശ് കൺവെൻഷന് വരുമെന്ന് തന്നെയാണ് നേതാക്കൾ പറയുന്നത്.

പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായ റോബിൻ പീറ്ററിന് ഇന്നലെ കെപിസിസി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് പദവി നൽകിയിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ ഇതുകൊണ്ടൊന്നും അടൂർ പ്രകാശ് വഴങ്ങിയില്ല. കൺവെൻഷന് വരില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഇപ്പോഴും. ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് അനാവശ്യ പരാമർശം നടത്തിയെന്ന് അടൂർ പ്രകാശ് സംസ്ഥാനനേതൃത്വത്തോട് പരാതിപ്പെട്ടു. 

കോന്നിയിൽ ഈഴവസ്ഥാനാർത്ഥി തന്നെ വരണമെന്നതായിരുന്നു ബാബു ജോർജിന്‍റെ നിലപാട്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് അടൂർപ്രകാശ് സംസാരിക്കുന്നതെന്നും ബാബു ജോർജ് കുറ്റപ്പെടുത്തി. എന്നാൽ പത്തനംതിട്ട ഡിസിസിയുമായി ഏറെക്കാലമായി ഭിന്നത പുലർത്തുന്ന അടൂർപ്രകാശിന് ഇതിൽ കടുത്ത എതിർപ്പായിരുന്നു. എന്നിട്ടും സംസ്ഥാനനേതൃത്വം തന്‍റെ നോമിനിയെ വെട്ടിയെന്നതിലാണ് അടൂർ പ്രകാശിന് കടുത്ത അമർഷം.

ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി തന്നെ നേരിട്ട് കൺവെൻഷനെത്താൻ തീരുമാനിക്കുന്നത്. ചെന്നിത്തലയുടെ നേതൃത്വത്തിൽ അതിന് മുന്നോടിയായി സജീവമായി അനുനയശ്രമങ്ങൾ തുടരുന്നു. 

പത്രികാ സമർപ്പണം ഇന്ന്

അവസാന ദിവസമാണ് കോന്നിയിലെ മുന്നണി സ്ഥാനാർത്ഥികളെല്ലാം പത്രികാ സമർപ്പണത്തിനെത്തുന്നത്. പത്ത് മണിക്ക് നടക്കുന്ന കൺവെഷന് ശേഷം പ്രകടനമായെത്തി യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജ് പത്രിക നൽകും. ശ്രീധരൻപിള്ള അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പത്രിക സമർപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കൺവെൻഷനോടെ പരസ്യ പ്രചാരണത്തിൽ മുന്നേറുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറും പത്രികാ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്.