ജയ്പ്പൂര്‍ റൂറൽ മണ്ഡലത്തിൽ കേന്ദ്ര മന്ത്രിയും മറ്റൊരു ഒളിമ്പ്യനുമനായ രാജ്യവര്‍ദ്ധൻ സിംഗ് റാത്തോഡിനെ തളക്കുകയാണ് ലക്ഷ്യം.

ജയ്പൂര്‍: രാജസ്ഥാന്‍റെ മരുമകളായി പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുകയാണ് ഒളിംപിക്സ് താരം കൃഷ്ണപൂനിയ. ജയ്പൂര്‍ റൂറൽ മണ്ഡലത്തിൽ കേന്ദ്ര മന്ത്രിയും ഒളിന്പ്യനുമായ രാജ്യവര്‍ദ്ധൻ സിംഗ് റാത്തോഡിനെയാണ് കൃഷ്ണപൂനിയ നേരിടുന്നത്. കായിക മത്സരം പോലെ ആവേശം നിറഞ്ഞതാണ് ഈ തെരഞ്ഞെടുപ്പെന്ന് കൃഷ്ണപൂനിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡിസ്കസ് ത്രോയിൽ രാജ്യത്തിന് പലതവണ സ്വര്‍ണ്ണത്തിളക്കം നൽകിയ കൃഷ്ണപൂനിയ രാജസ്ഥാനിലെ പൊരിവെയിലിൽ വോട്ടുതേടുകയാണ്. ജയ്പ്പൂര്‍ റൂറൽ മണ്ഡലത്തിൽ കേന്ദ്ര മന്ത്രിയും മറ്റൊരു ഒളിമ്പ്യനുമനായ രാജ്യവര്‍ദ്ധൻ സിംഗ് റാത്തോഡിനെ തളക്കുകയാണ് ലക്ഷ്യം.

''കായിക പോരാട്ടം പോലെ തന്നെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അഞ്ച് വര്‍ഷം മന്ത്രിയായി ഇരുന്ന് രാജ്യവര്‍ദ്ധൻ എന്ത് ചെയ്തെന്ന് ജനങ്ങളോട് പറയണം, മോദിയുടെ പേരിലല്ല, രാജ്യവര്‍ദ്ധൻ വോട്ട് തേടേണ്ടത്. ജനങ്ങളാകും ബിജെപിയെ പുറത്തേക്ക് വലിയച്ചെറിയുക. അത് ജനങ്ങൾ ചെയ്യും'' - കൃഷ്ണപൂനിയ വ്യക്തമാക്കി.

ഹരിയാനയിലെ ഹിസാര്‍ ജില്ലയിൽ നിന്നുള്ള കൃഷ്ണപൂനിയ രാജസ്ഥാനിലേക്ക് വിവാഹം കഴിച്ചെത്തിയ മരുമകളാണ്. ജാട്ട് സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ ജാട്ട് സമുദായക്കാരിയായ കൃഷ്ണപൂനിയയിലൂടെ രജപുത്രനായ രാജ്യവര്‍ദ്ധനെ വീഴ്ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

കായിക രംഗത്ത് നിന്ന് വലിയ പിന്തുണ കിട്ടുന്നുണ്ടെന്നും ഡിസ്കസ് ത്രോ പോലെയാകും ജയ്പ്പൂര്‍ റൂറൽ മണ്ഡലത്തിൽ നിന്ന് രാജ്യവര്‍ദ്ധൻ സിംഗിനെ വോട്ടര്‍മാര്‍ പുറത്തേക്ക് എറിയുകയെന്നും പൂനിയ പറഞ്ഞു. 

2013ൽ കോണ്‍ഗ്രസിലെത്തി ആ വര്‍ഷം നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റ പൂനിയ 2018ൽ അതേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. ഗ്രാമീണരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അവരിൽ ഒരാളായി രാജ്യവര്‍ദ്ധൻ സിംഗിനെ മറികടക്കാനുള്ള പരിശ്രമത്തിലാണ് മുൻ കായിക താരം കൂടിയ ഇവര്‍.