കെഎസ്ആർടിസി ബസ്സുകളിലെയും കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെയും രാഷ്ട്രീയ പാർട്ടികളുമായും സർക്കാരുമായും ബന്ധപ്പെട്ട പരസ്യങ്ങൾ നീക്കം ചെയ്യാനാണ് നിർദേശമുണ്ടായിരുന്നത്. 

കോഴിക്കോട്: പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമായതിനാൽ ബസ്സുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം അവഗണിച്ച് കെഎസ്‍ആർടിസി. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്ന് അഞ്ച് ദിവസമായിട്ടും മിക്ക ഡിപ്പോകളും ബസ്സുകളിൽ നിന്ന് പരസ്യം നീക്കാൻ തയ്യാറായിട്ടില്ല. 

കെഎസ്ആർടിസി ബസ്സുകളിലെയും കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെയും രാഷ്ട്രീയ പാർട്ടികളുമായും സർക്കാരുമായും ബന്ധപ്പെട്ട പരസ്യങ്ങൾ നീക്കം ചെയ്യാനാണ് നിർദേശമുണ്ടായിരുന്നത്. എന്നാൽ നോർത്ത് സോണിന് കീഴിലുള്ള ജില്ലകളിലെ ബസ്സുകൾ സർക്കാർ പരസ്യവുമായാണ് ഇന്നും നിരത്തിലിറങ്ങിയത്. 

ചില ബസ്സുകളിൽ നിന്ന് പരസ്യം നീക്കി തുടങ്ങിയെങ്കിലും ബാക്കിയുള്ളവ മൂന്ന് വശങ്ങളിലും സർക്കാർ പരസ്യവുമായാണ് സർവ്വീസ് നടത്തുന്നത്. സുൽത്താൻ ബത്തേരി, പാലക്കാട്, തൊട്ടിൽപ്പാലം, പെരിന്തൽമണ്ണ, മലപ്പുറം, കോഴിക്കോട്, താമരശ്ശേരി, തിരുവമ്പാടി, പാലക്കാട് ഡിപ്പോകളിലെ ഒരു ബസ്സുകളും പരസ്യം നീക്കാൻ തയ്യാറായില്ല. മറ്റ് ഡിപ്പോകൾ ചില ബസ്സുകളിൽ നിന്ന് പരസ്യം നീക്കി തുടങ്ങിയിട്ടുണ്ട്. 

എന്നാൽ പരസ്യം നീക്കുന്നത് സംബന്ധിച്ച സർക്കാർ നിർദേശം ഇന്നലെ രാത്രി മാത്രമാണ് വാട്സ്‍ആപ്പിലൂടെ അറിഞ്ഞതെന്ന് നോർത്ത് സോണൽ ഓഫീസർ സിവി രാജേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് പത്ത് മുതലാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. പതിനാലാം തിയ്യതി കെഎസ്ആർടിസിയോട് പരസ്യങ്ങൾ നീക്കം ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു.