Asianet News MalayalamAsianet News Malayalam

കർണാടകത്തിൽ സഖ്യ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് കുമാരസ്വാമി

ഒരു വർഷം കൊണ്ട് ജെഡിഎസ്-കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിച്ചു. നാളെയാണ് കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷം.

Kumaraswamy says government will complete its term
Author
Karnataka, First Published May 22, 2019, 10:27 PM IST

ബെംഗളുരു: കർണാടകത്തിൽ സഖ്യ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഒരു വർഷം കൊണ്ട് ജെഡിഎസ്-കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിച്ചുവെന്ന് കുമാരസ്വാമി പറയുന്നു. പിന്തുണ നൽകിയതിന് രാഹുൽ ഗാന്ധിക്കും കെ സി വേണുഗോപാലിനും സിദ്ദരാമയ്യക്കും കുമാരസ്വാമി നന്ദി അറിയിച്ചു. സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള സന്ദേശത്തിൽ ആയിരുന്നു കുമാരസ്വാമിയുടെ നന്ദി പ്രകാശനം. 

ലോക്സഭാ ഫലം വരുന്ന മെയ് 23 നാണ് കോൺഗ്രസ്‌ - ജെ ഡി എസ് സഖ്യമായ കുമാരസ്വാമി സർക്കാരിന്‍റെ ഒന്നാം വാർഷികം. യെദ്യൂരപ്പയുടെ ഒരു ദിവസ സർക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ സഖ്യസർക്കാരിന് ഒരു വർഷത്തെ ആയുസ്സ് മാത്രമാവുമോ എന്ന ചോദ്യം എക്സിറ്റ് പോളുകൾ ഉയർത്തുന്നു. ദൾ സഖ്യത്തോട് തുടക്കം മുതൽ എതിർപ്പുളള കക്ഷി നേതാവ് സിദ്ധരാമയ്യയുടെ പുതിയ നീക്കങ്ങൾ ഇതിന് ആക്കം കൂട്ടുകയാണ്.

മൈസൂരു മേഖലയിലടക്കം ജെഡിഎസ് സഖ്യം കൊണ്ട് കാര്യമുണ്ടായില്ലെങ്കിൽ അത് തുടരുന്നതിൽ അർത്ഥമില്ലെന്ന് സിദ്ധരാമയ്യ വിഭാഗം കോൺഗ്രസ് ഹൈക്കമാൻ്റിനോട് വ്യക്തമാക്കിക്കഴിഞ്ഞു. കർണാടകത്തിൽ ഫലം മോശമായാൽ ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻ്റിനോട് സിദ്ധരാമയ്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. സഖ്യം തുടരുന്നുണ്ടെങ്കിൽ തന്നെ മുഖ്യമന്ത്രി പദം വിട്ടുകിട്ടാൻ സമ്മർദം ചെലുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അദ്ദേഹത്തിന്‍റെ അനുയായികളായ എംഎൽഎമാർ സജീവമാക്കാനും ഇടയുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇതിൽ കടുത്ത അതൃപ്തിയുണ്ട്. എന്നാൽ എന്ത് വില കൊടുത്തും സഖ്യം തുടരണമെന്ന കർശന നിർദേശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സിദ്ധരാമയ്യക്ക് നൽകിയെന്നാണ് സൂചന. സംസ്ഥാനത്ത് തിരിച്ചടി ഉണ്ടായാൽ തന്നെ എംഎൽഎമാർ മറുകണ്ടം ചാടുന്നത് തടയുന്നതിനാവും കോൺഗ്രസിന്‍റെ പരിഗണന.

Follow Us:
Download App:
  • android
  • ios