തിരുവനന്തപുരത്ത് മത്സരിക്കാന് പിഎസ് ശ്രീധരൻ പിള്ളയ്ക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് കടുംപിടുത്തത്തിന്‍റെ കൂടി സാഹചര്യത്തിൽ കുമ്മനത്തിന്‍റെ മടങ്ങി വരവ്
തിരുവനന്തപുരം: ബിജെപി ഏറെ വിജയ സാധ്യത കൽപ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർത്ഥിയായേക്കും. ആർഎസ്എസിന്റെയും ബിജെപിയിൽ ഒരു വിഭാഗത്തിന്റെയും ശക്തമായ ഇടപെടലാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിന് കുമ്മനത്തിന് വഴിയൊരുക്കിയത്.
ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും അധികം പ്രതീക്ഷിക്കുന്ന എപ്ലസ് മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി നേതൃത്വത്തിൽ ഒരു വിഭാഗവും തിരുവനന്തപുരം ജില്ലാ ഘടകവും ആഎസ്എസ് നേതൃത്വവും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ആർഎസ്എസിന്‍റെ ശക്തമായ നിലപാട് കൂടി കണക്കിലെടുത്ത് ബിജെപി ദേശീയ നേതൃത്വം കുമ്മനം രാജശേഖരനെ മടക്കിക്കൊണ്ട് വരാൻ തീരുമാനിച്ചത്.
കുമ്മനത്തിന്‍റെ വരവിൽ അനിശ്ചിതത്വം നിലനിന്നിരുന്നത് കൊണ്ട് തന്നെ തിരുവനന്തപുരത്ത് മത്സരിക്കാന് ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയ്ക്കും താൽപര്യമുണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് കടുംപിടുത്തത്തിന്‍റെ കൂടി സാഹചര്യത്തിൽ കുമ്മനത്തിന്‍റെ മടങ്ങി വരവ്. ഇതോടെ സ്ഥാനാർത്ഥിയാരാകണമെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാത്ത വിധത്തിലേക്ക് കാര്യങ്ങൾ മാറുന്നു എന്നണ് സൂചന.
കുമ്മനം മടങ്ങിവരേണ്ടതില്ലെന്ന മുൻ നിലപാട് ശ്രീധരൻ പിള്ള മാറ്റിയതും വളരെ പെട്ടെന്നാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വന്നതോടെ അതിനെ അന്തംവിട്ട് സ്വാഗതം ചെയ്തെന്ന് മാത്രമല്ല സംഘടനാതലത്തിൽ അടക്കം എന്തെങ്കിലും മറ്റം ആവശ്യമെങ്കിൽ എല്ലാതരത്തിലും കുമ്മനത്തെ സ്വീകരിക്കാൻ തയ്യാറാണെന്നാണ് പിഎസ് ശ്രീധരൻ പിള്ള പറയുകയും ചെയ്തു. സ്ഥാനമാനങ്ങളല്ല പാർട്ടിക്ക് വേണ്ടിയുള്ള സമർപ്പണത്തിലാണ് കാര്യമെന്നാണ് ശ്രീധരൻ പിള്ളയുടെ വാക്കുകൾ.
