Asianet News MalayalamAsianet News Malayalam

പ്രചാരണകാലത്തെ ഷാളുകൾ പുനരുപയോഗിച്ച് കുമ്മനം: വിതരണത്തിന് തുടക്കമിട്ട് സെൻകുമാർ

പ്രചാരണത്തിനുപയോഗിച്ച ഫ്ലക്സുകൾ ഗ്രോബാഗുകളായും മാറ്റിയിട്ടുണ്ട്. ഇന്ന് നടന്ന ചടങ്ങിൽ ഇവയുടെ വിതരണത്തിന് തുടക്കമായി. മുൻ ഡിജിപി സെൻകുമാറായിരുന്നു ഉദ്ഘാടകൻ. ചടങ്ങിനെത്തിയ നടി മേനകയും ബാഗ് നിർമ്മാണത്തിൽ ചേർന്നു

kummanam reuse his election campaign shawl and flex boards
Author
Thiruvananthapuram, First Published May 2, 2019, 3:22 PM IST

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും  തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഗ്രീൻ പ്രോട്ടോകോൾ തുടരുകയാണ്. പ്രചാരണ വേളയിൽ കിട്ടിയ ഷാളുകൾ കൊണ്ട് ബാഗുകളും വസ്ത്രങ്ങളുമൊക്കെയുണ്ടാക്കി വിതരണം ചെയ്യുകയാണ് സ്ഥാനാർഥി. 

വോട്ടെടുപ്പിന് ശേഷം കുമ്മനത്തിന്‍റെ കരമനയിലെ വീട്ടിൽ കുറച്ച് ദിവസമായി വസ്ത്രങ്ങളും ബാഗുകളും ഉണ്ടാക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ. ഒരുമാസം നീണ്ട് നിന്ന പ്രചാരണ കാലത്ത് ഒരു ലക്ഷത്തിനധികം ഷാളുകൾ കിട്ടിയെന്നാണ്   ബിജെപി പ്രവർത്തകർ പറയുന്നത്. അതാണ് സഞ്ചികളും വസ്ത്രങ്ങളുമായി മാറുന്നത്. ഇന്ന് വീട്ടിൽ തന്നെ നടന്ന ചടങ്ങിൽ ഇവയുടെ വിതരണത്തിന് തുടക്കമായി. മുൻ ഡിജിപി സെൻകുമാറായിരുന്നു ഉദ്ഘാടകൻ. ചടങ്ങിനെത്തിയ നടി മേനകയും ബാഗ് നിർമ്മാണത്തിൽ ചേർന്നു. 

തുണിത്തരങ്ങൾ മാത്രമല്ല, പ്രചാരണത്തിനുപയോഗിച്ച   ഫ്ലക്സുകൾ ഗ്രോബാഗുകളായും മാറ്റിയിട്ടുണ്ട്. വസ്ത്രങ്ങളും ബാഗുകളും ആവശ്യക്കാർക്കെല്ലാം സൗജന്യമായി വിതരണം ചെയ്യും. ഗ്രോബാഗുകൾ ബിജെപി ഭരിക്കുന്ന കരമനയിലെ വാർഡിൽ നൽകാനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios