എറണാകുളം മണ്ഡലത്തിൽ കെ വി തോമസിനായി ചുവരെഴുത്തുകൾ തുടങ്ങിക്കഴിഞ്ഞതിന് ശേഷമാണ് തീരുമാനം വരുന്നത്. ഹൈബി ഈഡൻ എംഎൽഎ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും.
ദില്ലി: എറണാകുളത്ത് സിറ്റിംഗ് എംപി പ്രൊഫ. കെ വി തോമസിന് സീറ്റില്ല. ഹൈബി ഈഡൻ എംഎൽഎയെ സ്ഥാനാർത്ഥിയാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചു. സിറ്റിംഗ് എംപിരെ ഒഴിച്ചുള്ള സ്ഥാനാർത്ഥിനിർണ്ണയമാണ് സ്ക്രീനിംഗ് കമ്മിറ്റി പരിഗണിച്ചത്. കേരളത്തിലെ സിറ്റിംഗ് എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിനെ കണ്ട് മത്സരിക്കാനുള്ള താൽപ്പര്യം കെ വി തോമസ് അറിയിച്ചിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ ദീർഘകാലം എറണാകുളം മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ച കെ വി തോമസിനെ മാറ്റി പരീക്ഷിക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് കെ വി തോമസിനെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെ കോൺഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നു എന്ന സൂചന അപ്പോൾ തന്നെ പുറത്തുവന്നിരുന്നു. എറണാകുളം മണ്ഡലത്തിൽ കെ വി തോമസിനായി ചുവരെഴുത്തുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന് കെ വി തോമസും കഴിഞ്ഞ ദിവസം വരെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
