Asianet News MalayalamAsianet News Malayalam

കനത്ത സുരക്ഷയിൽ കൊട്ടിക്കലാശം; മാവോയിസ്റ്റ് ഭീഷണിയുള്ള വടക്കൻ കേരളത്തിൽ അതീവ ശ്രദ്ധ

പ്രചാരണത്തിന്‍റെ അവസാന ദിനവും കൊലപാതക രാഷ്ട്രീയവും ഒളി ക്യാമറ വിവാദവുമായിരുന്നു ഭൂരിപക്ഷ മണ്ഡലങ്ങളിലെയും പ്രചാരണ വിഷയം

lastlap of election campaign, strict protection in wayanad
Author
Wayanad, First Published Apr 21, 2019, 7:48 AM IST

കൽപ്പറ്റ: കൊട്ടിക്കലാശം ഇന്ന് നടക്കാനിരിക്കെ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് കൂടുതൽ സേനയെ വിന്യസിക്കുന്നത്. പ്രചാരണത്തിന്‍റെ അവസാന ദിനവും കൊലപാതക രാഷ്ട്രീയവും ഒളി ക്യാമറ വിവാദവുമായിരുന്നു ഭൂരിപക്ഷ മണ്ഡലങ്ങളിലെയും പ്രചാരണ വിഷയം.

വടകരയിൽ പി ജയരാജന്‍റെ സ്ഥാനാർത്ഥിത്വത്തോടെയാണ് വടക്കൻ കേരളത്തിൽ കൊലപാതക രാഷ്ട്രീയം പ്രചാരണ വിഷയമായത്. കാസര്‍കോട് കല്യോട്ടെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകം, കണ്ണൂരില്‍ ശുഹൈബ്, അരിയില്‍ ഷുക്കൂര്‍ വധം, ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്‍ കൊലപാതകം തുടങ്ങിയവയെല്ലാം മലബാറിലെ വിവിധ മണ്ഡലങ്ങളിൽ ഇടത്പക്ഷത്തിനെതിരായ പ്രചാരണ ആയുധമായി. ഇരവാദമുയർത്തിയും സർക്കാറിന്‍റെ ഭരണ നേട്ടമുയർത്തിയുമായിരുന്നു ഇടത്പക്ഷം ഇതിനെ പ്രതിരോധിച്ചത്.

കൊലപാതക രാഷ്ട്രീയം ഇടതിനെതിരായ ആയുധമാക്കിയപ്പോൾ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരായ ഒളിക്യാമറയിൽ കുടുങ്ങിയതും പോലീസ് കേസ് എടുക്കാൻ തീരുമാനിച്ചതടക്കമുള്ള വിഷയങ്ങളും യുഡിഎഫിന് പ്രചാരണ രംഗത്ത് തിരിച്ചടിയായിട്ടുണ്ട്.

രാഹുൽ പ്രഭാവത്തെ ചുറ്റിപ്പറ്റിയായിരുന്നു വയനാട്ടിലെ ചർച്ച. അമിത് ഷായുടെ പാക്കിസ്ഥാൻ പരാമർശവും പ്രചാരണത്തെ ചൂട്പിടിപ്പിച്ചു. ശബരിമല വിഷയം അവസാന ഘട്ടത്തിൽ ബിജെപി പ്രയോഗിച്ചെങ്കിലും മലബാറിൽ വേണ്ടപോലെ ഏശിയില്ല. പാലക്കാട് മാത്രമാണ് വിഷയം അൽപ്പമെങ്കിലും ചർച്ചയായത്. ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനറുടെ വിവാദ പരാമർശം ഇടത്പക്ഷത്തിന് പ്രചാരണ രംഗത്ത് ബൂമറാങ്ങായി.

മാവോയിസ്റ്റ് ഭീഷണി, കള്ളവോട്ട് ആരോപണം എന്നിവ വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിലെ സാഹചര്യങ്ങളെ തീഷ്ണമാക്കുന്നുണ്ട്. സുഗമമായ തെരഞ്ഞെടുപ്പിന് കർശന സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്നത്. കേരള, കർണ്ണാടക, തമിഴ്നാട് പോലീസ് സേനയുടെ സേവനവും കൂടിയാകുമ്പോൾ കർശന സുരക്ഷിയിലാവും മലബാറിലെ തെരഞ്ഞെടുപ്പ്. കൊട്ടിക്കലാശത്തിനും നിയന്ത്രണമുണ്ട്. പൊലീസ് നിശ്ചയിച്ച സ്ഥലങ്ങളിലാകും പ്രവർത്തകരുടെ കൊട്ടിക്കലാശം.

Follow Us:
Download App:
  • android
  • ios