കണ്ണൂര്‍: സിപിഎം ശക്തികേന്ദ്രത്തിൽ കോൺഗ്രസ് ബൂത്ത് എജന്‍റായി പ്രവർത്തിച്ചതിന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ പിണറായി പടുവിലായിയിലെ കോൺഗ്രസ് പ്രവർത്തകൻ വിനോദും കുടുംബവും. ലീഗ് ശക്തികേന്ദ്രമായ മാടായി പഞ്ചായത്തിലെ പോളിംഗ്ബൂത്തിൽ കള്ളവോട്ട് ചോദ്യം ചെയ്തതിന് ലീഗ് പ്രവർത്തകർ വധഭീഷണിമുഴക്കിയെന്ന് എൽഡിഎഫ് ബൂത്ത് ഏജന്‍റ് അബ്ദുറഹ്മാനും ആരോപിച്ചു.  

പോളിങ് ബൂത്തിൽ നിന്നിറങ്ങാനാവശ്യപ്പെട്ടായിരുന്നു വിനോദിന് നേരെ ആദ്യഭീഷണി. വിനോദനെക്കൂടാതെ സഹോദരിയും മാറിമാറി പോളിങ് ബൂത്തിലിരുന്നിരുന്നു.  ഇതിനിടയിൽ ഒപ്പമുള്ള യുഡിഎഫ് പോളിങ് ഏജന്റിന്റെ ആന്ധ്രയിലുള്ള സഹോദരി ഭർത്താവിന്റെ വോട്ട് ചെയ്യാൻ സിപിഎം പ്രവർത്തകനെത്തി. കള്ളവോട്ട്  തടഞ്ഞതോടെ ബഹളമായി. പോളിംഗ് അവസാനിച്ചപ്പോൾ വിനോദിന് നേരെ നായ്ക്കൊരണപ്പൊടി എറിഞ്ഞു.

മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ഹൈസ്കൂളിലെ മൂന്ന് ബൂത്തുകളിലും ലീഗ് പ്രവർത്തകർ കൂട്ടമായെത്തി കള്ളവോട്ട് ചെയ്തെന്ന് എൽഡിഎഫ് ആരോപിച്ചു. 70ാം ബൂത്തിൽ എൽഡിഎഫ് ബൂത്ത് ഏജന്‍റുമാരെ ലീഗ്പ്രവർത്തകർ അടിച്ചോടിച്ചു. 69,72 ബൂത്തുകളിലെ ഏജന്‍റുമാരെ ഭീഷണിപ്പെടുത്തിയെന്നും എൽഡിഎഫ് ബൂത്ത് ഏജന്‍റ് ആരോപിച്ചു. പൊലീസ് സഹായം ആവശ്യപ്പെട്ടിട്ടും വേണ്ട സമയത്ത് കിട്ടിയില്ലെന്ന് എൽഡിഎഫ് ബൂത്ത് ഏജന്റ് ആരോപിച്ചു.