വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് റോഡ് ഷോ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ  തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കൽപ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

മന്ത്രിമാരായ കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, സുനിൽ കുമാർ എന്നിവർ റോഡ് ഷോയിൽ പങ്കെടുക്കും. മുഖ്യമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വയനാട്ടിൽ മത്സരിക്കുന്നതിലൂടെ രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആദ്യം ചോദിച്ചത് പിണറായി വിജയൻ ആയിരുന്നു. സിപിഎം സിപിഐ ദേശീയ നേതൃത്വങ്ങളും തുടർന്ന് മുഖ്യമന്ത്രിയുടെ ഈ ചോദ്യം ഏറ്റെടുത്ത് രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കിയിരുന്നു.

യുഡിഎഫ് പ്രവർത്തകരെയാകെ ആവേശത്തിലാക്കിയ രാഹുൽ ഇഫക്ടിന് , അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങിയാണ് ഇടതുപക്ഷതിന്‍റെ റോഡ് ഷോ. വയനാടിന് പിന്നാലെ വടകരയിലും മുഖ്യമന്ത്രി ഇന്ന് പ്രചാരണത്തിനെത്തും. വൈകീട്ട് കൊയിലാണ്ടിയിലും , കുറ്റിയാടിയിലുമടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.