കള്ളവോട്ട് നടന്ന എല്ലായിടത്തും റീപോളിംഗ് നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.   

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തിൽ സിപിഎം കള്ളവോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥീരീകരിച്ച സാഹചര്യത്തില്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

കള്ളവോട്ടിലൂടെ ജനാധിപത്യ സംവിധാനത്തെയും നിഷ്പക്ഷമായ തെരഞ്ഞെടുപ്പിനെയും തകിടം മറിക്കാനാണ് സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിച്ചത്. കള്ളവോട്ട് നടന്ന എല്ലായിടത്തും റീപോളിംഗ് നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ഇത് ആദ്യത്തെ സംഭവമല്ല. കാലാകാലങ്ങളായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാറുണ്ട്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസും യു.ഡി.എഫും പറയാറുള്ള പരാതിക്ക് ഇത്തവണ വ്യക്തമായ തെളിവ് ലഭിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സിപിഎം നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം ഇത്തരത്തില്‍ കള്ളവോട്ടിലൂടെ നേടിയതാണെന്ന് ഇതോടെ വ്യക്തമാവുകയാണ്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ഭരണത്തിലിരിക്കുന്ന കക്ഷി ശ്രമിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

നമ്മുടെ ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിനെ തന്നെയാണ് സി പി എം ഇതിലൂടെ ചോദ്യം ചെയ്യുന്നത്. ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്തവരാണ് കമ്യുണിസ്റ്റുകാര്‍. ജനാധിപത്യത്തെ അട്ടിമറിച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളത്. കായിക ശക്തികൊണ്ട് ജനഹിതത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.