വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീതുകൾ അവഗണിച്ചാണ് ഇന്നും നിരവധി നേതാക്കൾ  വിദ്വേഷ പരാമര്‍ശങ്ങൾ നടത്തിയത്. മുസ്ലീം ലീഗിന്‍റെ പരാതിയിൽ യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരുടെ വിദ്വേഷ ട്വീറ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കി.

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലിന് ശേഷവും വിദ്വേഷ പരാമര്‍ശങ്ങളുമായി വീണ്ടും നേതാക്കൾ രംഗത്ത്. രാംനാഥ് കോവിന്ദിനെ ബി ജെ പി രാഷ്ട്രപതിയാക്കിയത് ജാതി നോക്കിയെന്ന് അശോക് ഗെഹ്‍ലോട്ട് പറഞ്ഞപ്പോൾ പ്രിയങ്ക ഗാന്ധി കള്ളന്‍റെ ഭാര്യയാണെന്ന് ഉമാഭാരതിയുടെ ആക്രമണം. മുസ്ലീം ലീഗിന്‍റെ പരാതിയിൽ യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരുടെ വിദ്വേഷ ട്വീറ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കി.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീതുകൾ അവഗണിച്ചാണ് ഇന്നും നിരവധി നേതാക്കൾ വിദ്വേഷ പരാമര്‍ശങ്ങൾ നടത്തി. ഗുജറാത്തിൽ അധികാരം നഷ്ടപ്പെടുമെന്ന് വന്നപ്പോഴാണ് ദളിത് വോട്ട് ഉറപ്പാക്കാൻ രാംനാഥ് കോവിന്ദിനെ അമിത്ഷാ രാഷ്ട്രപതിയാക്കിയതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. അശോക് ഗെഹ്‍ലോട്ടും പരാമര്‍ശം ദളിത് സമുദായത്തെ അപമാനിക്കുന്നതാണെന്നും കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചായിരുന്നു ഉമാഭാരതിയുടെ ആക്രമണം. കള്ളന്‍റെ ഭാര്യയായിട്ടായിരിക്കും പ്രിയങ്ക ഗാന്ധിയെ രാജ്യം വിലയിരുത്തുക എന്നായിരുന്നു ഉമാഭാരതി പറഞ്ഞത്. പരാതി നൽകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മുസ്ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ നടത്തിയ വിദ്വേഷ ട്വീറ്റുകൾ തെരഞ്ഞെുപ്പ് കമ്മീഷന്‍റെ ഉത്തരവിനെ തുടര്‍ന്ന് ട്വീറ്റര്‍ നീക്കി.

മുസ്ലിം ലീഗിനെ പച്ച വൈറസ് പറയുന്ന ട്വീറ്റും ഇന്ത്യ വിഭജനത്തിന് ലീഗിന് പങ്കുണ്ടായിരുന്നു എന്ന് ആരോപിക്കുന്ന യോഗിയുടെ ട്വീറ്റുകൾ ഉൾപ്പടെ 34 ട്വീറ്റുകളാണ് മരവിപ്പിച്ചത്. പെരുമാറ്റ ചട്ട ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, രാഹുൽ ഗാന്ധി എന്നിവര്‍ക്കെതിരെയുള്ള പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയിലാണ്.