ഇടതുപക്ഷപ്രസ്ഥാനത്തെ കുരുതിക്കൊടുത്താണ് ഇരുപത് സീറ്റുകളും സിപിഎമ്മും സിപിഐയും കൂടി കൈയടിക്കിയതെന്ന് ലോക്താന്ത്രിക് ജനതാദള്‍ നേതാവ് മനയത്ത് ചന്ദ്രന്‍. 

കോഴിക്കോട്: സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലേക്കുമായി സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണിയിലെ അതൃപ്തി മറനീക്കി പുറത്തു വരുന്നു. സീറ്റ് നല്‍കാത്തതില്‍ പരസ്യപ്രതിഷേധവുമായി ലോക് താന്ത്രിക് ജനദാതള്‍ രംഗത്തുവന്നു. 

വടകരയോ കോഴിക്കോടോ തങ്ങള്‍ക്ക് നല്‍കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് എല്‍ജെഡി കോഴിക്കോട് ജില്ലാ പ്രസിഡ‍ന്‍റ് മനയത്ത് ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ഇടതുപക്ഷപ്രസ്ഥാനത്തെ കുരുതിക്കൊടുത്താണ് ഇരുപത് സീറ്റുകളും സിപിഎമ്മും സിപിഐയും കൂടി കൈയടിക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് ലഭിക്കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ട്. പ്രതിഷേധം എങ്ങനെ വേണമെന്ന് പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ എന്നതിലടക്കം തിങ്കളാഴ്ച്ച തീരുമാനമുണ്ടാക്കുമെന്ന് മനയത്ത് ചന്ദ്രന്‍ വ്യക്തമാക്കി.