കോഴിക്കോട്: കേസ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി അനുസരിച്ച് സ്ഥാനാർത്ഥികൾ പരസ്യം നൽകിത്തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ അഞ്ച് കേസുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം കേസുകളുള്ള സ്ഥാനാർത്ഥികളിലൊരാൾ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനാണ്. 240 കേസ് വിവരങ്ങളാണ് സുരേന്ദ്രൻ പരസ്യപ്പെടുത്തിയിരിക്കുന്നത്. 

അപകീർത്തിപരമായ പരാമർശം നടത്തിയതിനാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അഞ്ച് കേസുകളും. ഇതിൽ രണ്ടെണ്ണം തീർപ്പാക്കി. മറ്റ് സ്ഥാനാർത്ഥികളെല്ലാം ഇംഗ്ലീഷിൽ പരസ്യം നൽകിയപ്പോൾ രാഹുൽ മലയാളത്തിലാണ് പരസ്യം നൽകിയത്. മലയാളത്തിലെ മൂന്ന് പത്രങ്ങളിലായാണ് പരസ്യം നൽകിയത്.  ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ നാല് പേജുകളിലായാണ്  കെ സുരേന്ദ്രനെതിരായ കേസുകളുടെ വിവരം പരസ്യപ്പെടുത്തിയിരിക്കുന്നത്. എല്ലാ ജില്ലയിലും സുരേന്ദ്രനെതിരെ കേസുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുള്ളത്. 63 എണ്ണമാണ് കൊല്ലം ജില്ലയിലുള്ളത്.  ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണിത്. കലാപത്തിനുള്ള ശ്രമം, വഴി തടയൽ, പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ എന്നിവയാണ് ചുമത്തിയ വകുപ്പുകൾ, മൂന്ന് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 

വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ആറ് കേസുകളിലും അന്വേഷണം നടക്കുന്നു. എസ്എൻഡിപി മൈക്രോ ഫിനാൻസിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് കേസുകളാണ് തുഷാറിനെതിരെ ഉള്ളത്. എല്ലാ സ്ഥാനാർത്ഥികളും മലയാളം പത്രങ്ങളിൽ പരസ്യം നൽകിയപ്പോൾ തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ ഇംഗ്ലീഷ് പത്രത്തിലാണ് പരസ്യം നൽകിയത്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയതിനും വഴി തടഞ്ഞതിനുമാണ് കേസുള്ളത്. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥനാർത്ഥി എം കെ രാഘവനെതിരെ ക്രിമിനൽ കേസില്ല, അനുമതിയില്ലാതെ ഫണ്ട് ചെലവഴിച്ചതിന് കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ രാഘവന്‍റെ പേരിൽ ഒരു കേസുണ്ട്. വരും ദിവസങ്ങളിൽ ദൃശ്യ മാധ്യമങ്ങളിലും സ്ഥാനാർത്ഥികൾ പരസ്യം നൽകും.

കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് സ്ഥാനാർത്ഥിക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ പൂർണ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും കേസ് വിവരം പത്ര, ദൃശ്യ മാധ്യമത്തിൽ പരസ്യം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു.  കേസുകളെക്കുറിച്ചുള്ള വിവരം പത്രത്തിലും ദൃശ്യ മാധ്യമത്തിലുമായി സ്ഥാനാർത്ഥിയും പാർട്ടിയും മൊത്തം 12 തവണ പരസ്യം ചെയ്യേണ്ടിവരും. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച കേസ് വിവരങ്ങളാണ് പരസ്യപ്പെടുത്തേണ്ടത്. സ്ഥാനാർത്ഥിയുടെ പാർട്ടി, അല്ലെങ്കിൽ സംഘടന, മണ്ഡലം, കേ‍ാടതി, കേസ് ഏതു നിയമ പ്രകാരം, വകുപ്പെന്താണ്, ശിക്ഷിക്കപ്പെട്ടെങ്കിൽ അതുസംബന്ധിച്ച കാര്യങ്ങൾ, ശിക്ഷാ കാലാവധി എന്നിവയും പരസ്യത്തിൽ ഉണ്ടാകണം.