ദില്ലി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങുകയാണ് വെള്ളിത്തിരയിലെ ഒരുപിടി താരസുന്ദരികൾ. തെരഞ്ഞെടുപ്പിൽ തൃണമൂൺ ​കോൺ​ഗ്രസ് 41 ശതമാനം വനിതാ സംവരണം പ്രഖ്യാപിച്ചതോടെ പശ്ചിമബം​ഗാളിൽ നിന്ന് മാത്രം അഞ്ചോളം നടിമാരാണ് മത്സരിക്കുന്നത്. നടിമാരായ ജയപ്രദ, ഹേമാ മാലിനി. സുമലത എന്നിവരെ കൂടാതെ തെരഞ്ഞെടുപ്പ് ​ഗോദയിലെത്തിയ താരസുന്ദരികളെ പരിചയ‌‌‌‌പ്പെടാം.

ഊർമിള മതോണ്ഡ്കർ
 
ബോളിവുഡ് താരം ഊർമിള മതോണ്ഡ്കർ മാർച്ച് 27-ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഊർമിളയെ പരി​ഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മ്മിള മത്സരിക്കുക. 1983ൽ മസൂം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഊർമിള അഭിനയ ലോകത്തേക്ക് എത്തിയത്. 

നുസ്രത് ജഹാൻ

ബം​ഗാളി നടിയും മോഡലുമായ നുസ്രത് ജഹാൻ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിക്കും. പശ്ചിമബം​ഗാളിലെ ബഹിർഹട്ട് മണ്ഡലത്തിൽ നിന്നാണ് നുസ്രത് ജഹാൻ മത്സരിക്കുന്നത്. 2011-ലാണ് സിനിമയിലെത്തിയ നുസ്രത് ജഹാൻ രാജ് ചക്രവർത്തിയുടെ ഷൊട്രു, ഖോക 420 എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൊൽക്കത്തയിലെ ഔർ ക്വീൻ ഓഫ് മിഷൻസ് സ്കൂളിൽ നിന്നും ഹൈസ്കൂൾ പഠനവും ഭവാനിപുർ കോളജിൽ നിന്ന് ബി.കോമിൽ ബിരുദവും പൂർത്തിയാക്കി.  

മിമി ചക്രബർത്തി

2008 മുതൽ ബംഗാളി സിനിമകളിൽ സജീവമാണ് നടിയും മോഡലുമായ മിമി ചക്രവർത്തി. ബം​ഗാളിലെ ജാദവ് പൂരിൽ തൃണമൂൽ കോൺ​ഗ്രസ് ടിക്കറ്റിലാണ് താരം മത്സരിക്കുക. സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിൻരെ ബന്ധു സുഗതാ ബോസിന്റെ പേരൊഴിവാക്കിയാണ് മിമി ചക്രബർത്തിക്ക് ജാവദ്പൂരിൽ സീറ്റ് നൽകിയത്. ബം​ഗാളിലെ ജൽപായിഗുരിയിൽ ജനിച്ച മിമി അരുണാചൽ പ്രദേശിലാണ് കുട്ടിക്കാലം ചെലവഴിച്ചത്.  

ബം​ഗാളിലെ ബാങ്കുരയിൽ നിന്നുള്ള എംപിയും നടിയുമായ മൂൺ മൂൺ സെൻ, തീയേറ്റർ ആർട്ടിസ്റ്റ് അർപ്പിത ഘോഷ്, ശതാബ്ദി റോയ് എന്നിവരാണ് തൃണമൂൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയ മറ്റ് താരങ്ങൾ.  
 
ശിൽപ ഷിൻഡെ

'മീ ടു' ക്യംപയ്‌നെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് ​രൂക്ഷവിമർശനങ്ങൾ നേരിട്ട താരമാണ് ടെലിവിഷൻ-സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ ഫെബ്രുവരിയിലാണ്  കോൺഗ്രസിൽ ചേർന്നത്. മുംബൈ യൂണിറ്റിലെ ചീഫ് സഞ്ജയ് നിരുപമിന്‍റെ സാന്നിധ്യത്തിലാണ് ശിൽപ പാർട്ടിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ശിൽപ ഷിൻഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ലോക്സഭയിലേക്കാണോ നിയമസഭയിലേക്കാണോ മത്സരിക്കുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 ആർഷി ഖാൻ

ശിൽപ ഷിൻഡെയുടെ പാത പിൻതുടർന്നാണ് കഴിഞ് ആർഷി ഖാൻ കോൺഗ്രസിൽ ചേർന്നത്. മഹാരാഷ്ട്ര കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് ആയാണ് ആർഷി ജോയിൻ ചെയ്തത്. ഭോപ്പാൽ സ്വദേശിയായ ആർഷി ചലച്ചിത്ര രം​ഗത്തും മോഡലിങ്ങിലും സജീവമാണ്.