ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് വിഭാഗം (ഐടിബിപി) മേധാവി ഡിഐജി സുധാകര്‍ നടരാജനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. സര്‍വീസ് വോട്ട് വിഭാഗത്തിലുള്ള വോട്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്
ഇറ്റാനഗര്‍: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് വിഭാഗം (ഐടിബിപി) മേധാവി ഡിഐജി സുധാകര്‍ നടരാജനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. സര്‍വീസ് വോട്ട് വിഭാഗത്തിലുള്ള വോട്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുന്നത് ആരംഭിച്ചത്.
ഐടിബിപിയുടെ ലോഹിത്പുറിലെ അനിമല്‍ ട്രെയിനിങ് (എടിസി) സ്‌കൂളില്‍വച്ചാണ് വോട്ട് രേഖപ്പെടുത്തല്‍ നടന്നത്. ദില്ലിയിൽ നിന്ന് 2600 കിലോമീറ്റർ അകലെയാണ് ലോഹിത്പൂർ. രഹസ്യ പോസ്റ്റല്‍ ബാലറ്റ് വഴിയാണ് സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുക. തുടര്‍ന്ന് ഇത് സീല്‍ ചെയ്ത് നിക്ഷേപിക്കും.
അരുണാചല്‍ പ്രദേശില്‍ വിന്യസിച്ചിട്ടുള്ള അയ്യായിരത്തോളം സൈനികരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 1000പേര്‍ ഐടിബിപിയില്‍നിന്നുള്ളവരാണ്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ 11നാണ് ആരംഭിക്കുക. മെയ് 19-ന് വോട്ടെടുപ്പ് അവസാനിക്കും. മേയ് 23-നാണ് ഫലം പുറത്ത് വരിക.
അരുണാചല്‍ പ്രദേശ് കൂടാതെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, ബെംഗളൂര്, ബീഹാർ, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
