ബെഗുസരായി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ ബെഗുസരായിയിൽ സിപിഐ സ്ഥാനാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അനുയായികൾ കൂട്ടുപ്രതികളാണ്.

കഴിഞ്ഞ ദിവസം കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം ഉണ്ടായിരുന്നു. ബെഗുസരായി ഗർഹ്‌പുര ബ്ലോക്കിലെ കോറൈ ഗ്രാമത്തിലൂടെ കനയ്യ കുമാറിന്റെ റോഡ് ഷോ കടന്നുപോകുമ്പോഴായിരുന്നു സംഘർഷം. കനയ്യ കുമാറിനെ അനുയായികളും ഗ്രാമവാസികളായ ഒരുസംഘം യുവാക്കളും തമ്മിലാണ് സംഘർഷം ഉണ്ടായത്. പ്രദേശവാസികളായ യുവാക്കൾ കനയ്യ കുമാറിന്റെ റോഡ് ഷോ കടന്നുപോകുന്നതിനിടെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് റാലിയിൽ പങ്കെടുത്ത പ്രവർത്തകരും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇരുവിഭാഗത്തെയും ശാന്തരാക്കി. ബിജെപി നേതാവ്, കേന്ദ്രമന്ത്രിയായ ​ഗിരിരാജ് സിം​ഗിനെതിരെയാണ് കനയ്യ കുമാർ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഗിരിരാജ് സിങിനെതിരായ കനയ്യ കുമാറിന്റെ ചില പ്രസ്താവനകൾ ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഇതാദ്യമായല്ല കനയ്യ കുമാറിനെതിരെ പ്രതിഷേധം ഉയരുന്നത്. കഴിഞ്ഞ ബുധനാഴ്ചയും കനയ്യ കുമാറിന്റെ പ്രചാരണ റാലി തടഞ്ഞിരുന്നു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ബെഗുസരായി. ബിജെപിയും ആർജെഡിയും സിപിഐയും തമ്മിലാണ് മത്സരം. തൻവീർ ഹസ്സനാണ് മണ്ഡലത്തിലെ ആർജെഡി സ്ഥാനാർത്ഥി. കനയ്യ കുമാർ മണ്ഡലത്തിൽ വൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് സിപിഐ