ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് നാളെ തുടക്കം. 91 സീറ്റുകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്,സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ പൂർത്തിയാകും. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ടവും നാളെ നടക്കും.

പശ്ചിമ ബംഗാളിൽ ഇടതു സ്ഥാനാർത്ഥികളെ തൃണമൂൽ കോൺഗ്രസ് ആക്രമിച്ചു എന്ന് കാട്ടി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. അതേസമയം ചത്തീസ്ഗഡിലെ ബസ്തർ മണ്ഡലത്തിൽ സുരക്ഷാ സന്നാഹം ഇരട്ടിയാക്കി. ഇന്നലെ മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎൽഎയും അഞ്ച് ജവാൻമാരും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. 

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ  മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.  ആക്രമണത്തില്‍  ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.