മോദി ഇന്ന് അയോധ്യ മായാബസാറിലെ ബിജെപി റാലിയിൽ പങ്കെടുക്കും.ക്ഷേത്ര നഗരത്തിലെത്തുന്ന നരേന്ദ്ര മോദി അയോധ്യ വിഷയത്തിലെന്ത് പറയുമെന്നാണ് ഉറ്റു നോക്കുന്നത്. 

അയോധ്യ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെത്തും. അയോധ്യ മായാബസാറിലെ ബിജെപി റാലിയില്‍ പങ്കെടുക്കും. രാഹുൽഗാന്ധിയുടെ പ്രചാരണം മധ്യപ്രദേശിലും യുപിയിലും.

തിങ്കളാഴ്ച നടക്കുന്ന അഞ്ചാം ഘട്ടത്തിലാണ് അയോധ്യ ഉള്‍പ്പെടുന്ന ഫയിസാബാദില്‍ വോട്ടെടുപ്പ് നടക്കുന്നത്. അയോധ്യ നഗരത്തില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെ മായാബസാറില്‍ ഉച്ചയ്ക്ക് വന്‍ റാലി നടത്തും. എന്നാല്‍ രാമജന്മഭൂമി ക്ഷേത്രമോ, തര്‍ക്കപ്രദേശമോ സന്ദര്‍ശിക്കാനിടയില്ല. തുടര്‍ന്ന് കൗസമ്പയിലും മധ്യപ്രദേശിലെ ഹൊസംഗബാദിലും മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. 

2014-ല്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി ഈ മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. പ്രചാരണത്തില്‍ ബിജെപി ഹിന്ദുത്വ നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന സാഹചര്യത്തില്‍, ക്ഷേത്ര നഗരത്തിലെത്തുന്ന നരേന്ദ്ര മോദി അയോധ്യ വിഷയത്തിലെന്ത് പറയുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. മോദിയുടെ അയോധ്യ റാലിയിലൂടെ യുപിയുടെ മറ്റ് ഭാഗങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും ഹൊസംഗബാദില്‍ തെരഞ്ഞെടുപ്പ് റാലിയുണ്ട്. രാവിലെ ഉത്തര്‍ പ്രദേശിലെ രണ്ട് റാലികളില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെത്തുന്നത്.