ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ വിലയിരുത്തലിലും കാസര്‍കോട്ട് ജയിക്കാനാകില്ലെന്നായിരുന്നു യുഡിഎഫിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇരട്ടക്കൊലപാതകം ഉണ്ടാക്കിയ പ്രതിഷേധം ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ത്തുമെന്നാണിപ്പോള്‍ കോണ്‍ഗ്രസ് കരുതുന്നത്.
കാസര്‍കോട്: ഇരട്ടക്കൊലപാതകത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ കാസര്‍കോട്ടെ ഇടതു വോട്ട് ചോര്‍ത്താന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നീക്കം. നേരത്തെ ജയസാധ്യതയില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയ മണ്ഡലത്തില്‍ ഇപ്പോള്‍ രാഷ്ട്രീയസാഹചര്യം അനുകൂലമായെന്നാണ് കോണ്‍ഗ്രസിന്റെ നിഗമനം. 1984ന് ശേഷം യുഡിഎഫിന് കാസര്‍കോട്ട് ഒരിക്കല്‍ പോലും പച്ച തൊടാനായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി കരുണാകരന്‍റെ ഭൂരിപക്ഷം 7000ത്തിലേക്ക് താഴ്ത്താനായി എന്നാതാണ് മുപ്പത്തിയഞ്ച് വര്‍ഷത്തിനിടിയിലെ ഒരേ ഒരു ആശ്വാസം.
ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ വിലയിരുത്തലിലിലും കാസര്‍കോട്ട് ജയിക്കാനാകില്ലെന്നായിരുന്നു യുഡിഎഫിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇരട്ടക്കൊലപാതകമുണ്ടാക്കിയ പ്രതിഷേധം ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ത്തുമെന്നാണിപ്പോള്‍ കോണ്‍ഗ്രസ് കരുതുന്നത്. ഇതോടെ കാസര്‍കോട്ട് സീറ്റില്‍ നേരത്തെ താല്പര്യം കാണിക്കാതിരുന്ന പല നേതാക്കളും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നേലും ടി സിദ്ദിഖുമടക്കമുള്ള നേതാക്കള്‍ക്ക് പുറമെ ചില കെ പി സിസി ഭാരവാഹികള്‍ക്കുമിപ്പോള്‍ സീറ്റില്‍ നോട്ടമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കും വരെ ഇരട്ടക്കൊല വിഷയം സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. പഞ്ചായത്ത് തലങ്ങളിലെ ധര്‍ണ്ണ, അമ്മമാരുടെ പ്രതിഷേധക്കൂട്ടായ്മ, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എന്നിങ്ങനെ മാര്‍ച്ച് മാസം മുഴുവന്‍ കോണ്‍ഗ്രസ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സിപിഎമ്മിനാകട്ടെ കൊലയുമായി ബന്ധപ്പെട്ട് വേണ്ടവിധം സ്വയം പ്രതിരോധിക്കാനുമായിട്ടില്ല. പി കരുണാകരന് പകരക്കാരനെ സിപിഎം ഇനിയും കണ്ടെത്താത്ത സാഹചര്യത്തില്‍ മണ്ഡലത്തിലുടനീളം സഹതാപത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും മറ പിടിച്ച് മുന്നിലെത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.
