ദില്ലി: മേയ് 23 ന് പുറത്തു വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷത്തടക്കം വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. എക്സിറ്റ് പോളുകള്‍ രാജ്യത്ത് ബിജെപിയുടേയും എന്‍ഡിഎ മുന്നണിയുടേയും വിജയം പ്രവചിച്ചപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് ഫലം പുറത്തു വിട്ടിരിക്കുകയാണ് സ്വതന്ത്ര്യ ഗവേഷകനായ ബിശാല്‍ പോള്‍. 

രാജ്യത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും സീറ്റു നിലകളില്‍ അത് പ്രതിഫലിക്കുമെന്നുമാണ്  ബിശാല്‍ വ്യക്തമാക്കുന്നത്. ബിശാലിന്‍റെ എക്സിറ്റ് പോളുകള്‍ പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍  ബിജെപിക്ക് 169 സീറ്റും എന്‍ഡിഎ മുന്നണിക്ക് 200 സീറ്റുകളും ലഭിക്കും. എന്നാല്‍ അതേ സമയം കോണ്‍ഗ്രസിന് 133 സീറ്റുകളും യുപിഎ മുന്നണിക്ക് 197 സീറ്റുകളും ബിശാല്‍ പോള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്ക് 145 സീറ്റുകളാണ് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

 

മൂന്നു സീറ്റുകളുടെ വ്യത്യാസം മാത്രമേ ഇരു മുന്നണികളും തമ്മിലുണ്ടാകൂ എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍  20 ലോക്സഭാ സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും യുപിഎ മുന്നണി 15 ഇടത്ത് വിജയിക്കുമെന്നുമാണ് ബിശാല്‍ പോള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 5 സീറ്റുകള്‍ എല്‍ഡിഎഫ് നേടും. എന്നാല്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. ഉത്തര്‍ പ്രദേശില്‍ എസ് പി ബിഎസ് പി സഖ്യത്തിന് 42 സീറ്റുകളും ബിജെപിക്ക് 32 സീറ്റുകളും കോണ്‍ഗ്രസിന് 5 സീറ്റുകളും ലഭിക്കും. പശ്ചിമബംഗാളില്‍ തൃണമൂല്‍ 32 സീറ്റുകളിലും ബിജെപി 5 സീറ്റുകളിലും ഇടതുപക്ഷം ഒരു സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം. ഗുജറാത്ത് ബിജെപി 20 കോണ്‍ഗ്രസ് 6 സീറ്റുകള്‍ നേടുമെന്നുമാണ് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.