ദില്ലി: രാജ്യത്തെ 101 മാധ്യമപ്രവർത്തകർ നടത്തിയ തെരഞ്ഞെടുപ്പ് സർവേ ഫലം പുറത്ത്. എൻഡിഎക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഈ സർവേ പറയുന്നത്. എന്നാൽ എൻഡിഎ തന്നെ അധികാരത്തിൽ വരാനുള്ള സാധ്യത തന്നെയാണ് നിലനിൽക്കുന്നതെന്നും സർവേ സമർത്ഥിക്കുന്നു.

രാജ്യത്ത് 542 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പിൽ 253 സീറ്റുകൾ ബിജെപിയും സഖ്യകക്ഷികളും കൂടെ നേടും. കോൺഗ്രസിനും സഖ്യകക്ഷികൾക്കും കൂടി 152 സീറ്റ് മാത്രമേ ലഭിക്കൂ. മറ്റ് പാർട്ടികൾക്ക് 134 സീറ്റ് ലഭിക്കുമെന്നും സർവേ പറയുന്നു.

കേരളത്തിൽ യുഡിഎഫിനാണ് സർവേ മേൽക്കൈ പ്രവചിക്കുന്നത്. 14 സീറ്റ്. ഇടതുപക്ഷത്തിന് നാല് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും 101 റിപ്പോർട്ടേർസ് സർവേ പറയുന്നു.

ഉത്തർപ്രദേശിൽ ബിജെപിക്ക് 46 സീറ്റ്, കോൺഗ്രസിന് ആറ്, മറ്റ് പാർട്ടികൾക്ക് 28 എന്നിങ്ങനെയാണ് കണക്ക്. രാജസ്ഥാനിൽ കോൺഗ്രസിന് ആറും ബിജെപിക്ക് 18ഉം സീറ്റ് കിട്ടും. മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബിജെപിക്ക് 15 ഉം കോൺഗ്രസിന് 14ഉം സീറ്റ് കിട്ടും.

കർണ്ണാടകത്തിൽ ബിജെപിക്ക് 18 സീറ്റ് കിട്ടുമ്പോൾ കോൺഗ്രസിന് ഒൻപത് സീറ്റ് മാത്രമേ ലഭിക്കൂ. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 26 സീറ്റും ബിജെപിക്ക് 11 സീറ്റും കോൺഗ്രസിനും സിപിഎമ്മിനും നാല് സീറ്റുകൾ വരെയും ലഭിച്ചേക്കാമെന്നാണ് സർവേ പറയുന്നത്.

ഹരിയാനയിൽ ബിജെപി ഏഴ് സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലും വിജയിക്കാൻ സാധ്യതയുണ്ട്. പഞ്ചാബിൽ ബിജെപിക്ക് ഒരു സീറ്റിൽ മാത്രമാണ് ജയസാധ്യത പറയുന്നത്. കോൺഗ്രസ് ഇവിടെ എട്ട് സീറ്റുകളിൽ വിജയപ്രതീക്ഷ വച്ച് പുലർത്തുന്നുണ്ട്.