Asianet News MalayalamAsianet News Malayalam

കെട്ടടങ്ങാതെ എസ്‍ഡിപിഐ-ലീഗ് ചര്‍ച്ചാ വിവാദം; വിമര്‍ശവുമായി എം കെ മുനീര്‍

നേതാക്കളുടെ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അമര്‍ഷം ഉണ്ട്. എം കെ മുനീര്‍ ഇക്കാര്യം മറച്ച് വയ്ക്കുന്നില്ല.

m k muneer on sdpi league discussion issue
Author
Ponnani, First Published Mar 18, 2019, 10:27 PM IST

കോഴിക്കോട്: എസ്‍ഡിപിഐ ചര്‍ച്ച വിവാദം ലീഗിനുള്ളില്‍ കെട്ടടങ്ങുന്നില്ല. നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി എം കെ മുനീര്‍ എംഎല്‍എ രംഗത്തെത്തി. എസ്‍ഡിപിഐയുടെ സഹായത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരണമെന്ന് പറയുന്നതിനേക്കാള്‍ ഭേദം ആ രാഷ്ട്രീയ പ്രസ്ഥാനം പിരിച്ചു വിടുന്നതാണെന്നായിരുന്നു മുനീറിന്‍റെ വിമര്‍ശനം. 

എസ്‍ഡിപിഐയുമായുള്ള രഹസ്യ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടിയോടും ഇ ടി മുഹമ്മദ് ബഷീറിനോടും വിശദീകരണം തേടിയതോടെ വിവാദം അവസാനിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. സംഭവം പാര്‍ട്ടിക്ക് തന്നെ ക്ഷീണമായെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നാണ് നിലപാട്. എന്നാല്‍ നേതാക്കളുടെ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അമര്‍ഷം ഉണ്ട്. എം കെ മുനീര്‍ ഇക്കാര്യംമറച്ച് വയ്ക്കുന്നില്ല.

വിവാദത്തിന് പിന്നാലെ എസ്‍ഡിപിഐ നാളെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. നേരത്തെ പ്രഖ്യാപിച്ച പട്ടികയില്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കുഞ്ഞാലിക്കുട്ടിയുമായുള്ള നീക്ക് പോക്കിന്‍റെ അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമായത് പിന്നാലെയാണ് ഈ നീക്കം. 

അതേ സമയം പ്രശ്നങ്ങള്‍ ഒരു വേള കെട്ടടങ്ങിയ പൊന്നാനി യുഡിഎഫില്‍ വീണ്ടും അസ്വസ്ഥത ഉടലെടുത്തിട്ടുണ്ട്. ഇ ടിയുടെ മതേതര നിലപാട് ചോദ്യം ചെയ്ത കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആയുധമാകുകയാണ് പുതിയ സംഭവം.

Follow Us:
Download App:
  • android
  • ios