കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്‍റെ സീറ്റ് വിഭജന ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു. അധിക സീറ്റ് ചോദിച്ച മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസുമായും വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. കൂടുതല്‍ സീറ്റ് അനുവദിക്കാനാകില്ലെന്ന്  കോണ്‍ഗ്രസ് രണ്ടു പാര്‍ട്ടികളേയും അറിയിച്ചിട്ടുണ്ട് .കൊല്ലം സീറ്റ് ആര്‍എസ്പിക്ക് നല്‍കാനും ഇന്നത്തെ ഉഭയ കക്ഷി ചര്‍ച്ചിയില്‍ തീരുമാനമായി.

മലപ്പുറത്തിനും പൊന്നാനിക്കും പുറമേ മൂന്നാം സീറ്റ് എന്ന ആവശ്യം മുസ്ലിം ലീഗ് ഉഭയ കക്ഷി ചര്‍ച്ചിയില്‍ മുന്നോട്ടു വെച്ചു.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഘടകക്ഷികള്‍ക്ക് വിട്ടു കൊടുത്ത സീറ്റുകളില്‍ വീരേന്ദ്ര കുമര്‍ മത്സരിച്ച പാലക്കാട് ഇത്തവണ കോണ്‍ഡഗ്രസിന് എടുക്കാം. പകരം വടകരയോ വയനാടോ വേണം എന്ന ലീഗിന്‍റെ ആവശ്യം കോണ്‍ഗ്രസ് അനുവദിച്ചില്ല. സീറ്റിന്‍റെ കാര്യത്തില്‍ ലീഗ് പിടിവാശി കാട്ടില്ലെന്നാണ് സൂചന. വെള്ളിയാഴ്ച മുസ്ലിം ലീഗുമായുള്ള തുടര്‍ ചര്‍ച്ച കോഴിക്കോട് നടക്കും

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം കെഎം മാണിയാണ്  ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. മാണിയുടെ ആവശ്യത്തെ പിന്തുണച്ച പിജെ ജോസഫ് ഇടുക്കി ചാലക്കുടി സീറ്റുകളിലൊന്നാണ് വേണ്ടതെന്നും  വ്യക്തമാക്കി.  രണ്ട് സീറ്റ് പ്രായോഗികമല്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്‍റേത്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന നിലപാട് കേരള കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ജനമഹായാത്ര കഴിഞ്ഞ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കൂടി സാന്നിദ്ധ്യത്തില്‍  ഞായറാഴച വീണ്ടും കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരള കോണ്ഡഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ഇടുക്കി സീറ്റ് ചോദിച്ചുവെങ്കിലും പ്രയോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സമ്മതിച്ചില്ല. കൊല്ലം സീറ്റ് ആര്‍എസ്പി ക്ക് നല്‍കാനും ഉഭയ കക്ഷി ചര്‍ച്ചയില്‍ ധാരണായായി.

നിലവിലെ സാഹചര്യത്തില്‍  16 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.  കഴിഞ്ഞ തവണ ജനതാദളിനു നല്‍കിയ പാലക്കാടു കൂടി കോണ്‍ഗ്രസ് ഏറ്റെടുക്കും.  അടുത്ത മാസം നാലിനാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതി ചേരുന്നത്.