896.669 ഗ്രാമിന്റെ സ്വര്‍ണക്കട്ടികളാണ് നകുല്‍നാഥിന്റെ കൈവശമുള്ളത്. ഇതിന് പുറമെ 7.630 കിലോഗ്രാം വെള്ളിയും 147.58 കാരറ്റ് മൂല്യമുള്ള വജ്രവും ഉള്‍പ്പെടെ 75.45 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളുമുണ്ട്.
ചിന്ദ്വാര: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മകന്‍ നകുല്‍ നാഥിന് 660 കോടിയുടെ ആസ്തി. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നകുല്‍ നാഥ് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നകുല്‍ നാഥിന് 615 കോടിയുടെ സമ്പാദ്യമുണ്ട്. കൂടാതെ 41.77 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ഭാര്യ പ്രിയയ്ക്ക് 2.30 കോടിയുടെ സ്വത്തുവകകളാണ് ഉള്ളത്. ഇരുവര്‍ക്കും സ്വന്തമായി വാഹനങ്ങളില്ല. 896.669 ഗ്രാമിന്റെ സ്വര്‍ണക്കട്ടികളാണ് നകുല്‍നാഥിന്റെ കൈവശമുള്ളത്. ഇതിന് പുറമെ 7.630 കിലോഗ്രാം വെള്ളിയും 147.58 കാരറ്റ് മൂല്യമുള്ള വജ്രവും ഉള്‍പ്പെടെ 75.45 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളുമുണ്ട്. ഭാര്യയുടെ കൈവശം 270.322 ഗ്രാം സ്വര്‍ണാഭരണവും 161.84 കാരറ്റ് വജ്രവും അടക്കം 57.62 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്.
നിരവധി ബാങ്കുകളിലും ഓഹരികളിലും നകുല്‍നാഥിന് നിക്ഷേപമുണ്ട്. കൂടാതെ ദുബായിലും ഷാര്‍ജയിലും പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയിലും സ്പാന്‍ എയര്‍ പ്രൈവറ്റ് ലിമിറ്റഡിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. നകുല്‍നാഥിന്‍റെയും സഹോദരന്‍റെയും പേരില്‍ ചിന്ദ്വാര ജില്ലയില്‍ 7.82 ഏക്കര്‍ ഭൂമിയുണ്ട്.
അതേസമയം മുഖ്യമന്ത്രി കമല്‍നാഥിന്റെ ആസ്തി 124 കോടി രൂപയാണ്. പിതാവിനേക്കാള്‍ അഞ്ചിരട്ടി ആസ്തിയാണ് നകുല്‍ നാഥിനുള്ളത്. ബി ജെ പി മുന്‍ എം എല്‍ എ യും ആദിവാസി നേതാവുമായ നഥാന്‍ഷായാണ് ചിന്ദ്വാര ലോക്‌സഭ മണ്ഡലത്തില്‍ നകുല്‍നാഥിന് എതിരെ മത്സരിക്കുന്നത്.
