രാജീവിനെ തെരഞ്ഞെടുത്താല്‍ നാടിന് എന്ത് ഗുണമുണ്ടാകും എന്നതാണ് താന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കാരണമെന്ന് മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞു 

കൊച്ചി: ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംവിധായകന്‍ മേജര്‍ രവി. രാജീവിന് വോട്ട് ചോദിച്ചുകൊണ്ടാണ് മേജര്‍ രവി പ്രസംഗിച്ചത്. ഒരു രാജ്യസഭാ എംപിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് രാജീവെന്നും അദ്ദേഹം മികച്ച ഭൂരിപക്ഷത്തില്‍ ലോക്സഭയിലെത്തണമെന്നും മേജര്‍ രവി പറഞ്ഞു. 

താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ട്. എന്നാല്‍ രാജീവ് തനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹം രാജ്യസഭ അംഗമായപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളെ ഫോളോ ചെയ്തിട്ടുണ്ട്. പല രാജ്യസഭാ എംപിമാരും പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം പോകുന്നവരാണ്. എന്നാല്‍ രാജീവ് അങ്ങനെയല്ലെന്നും മേജര്‍ രവി പറ‍ഞ്ഞു. 

രാജീവിനെ തെരഞ്ഞെടുത്താല്‍ നാടിന് എന്ത് ഗുണമുണ്ടാകും എന്നതാണ് താന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കാരണം. ഇന്ത്യയെ സ്നേഹിക്കുന്ന വ്യക്തിയാണ് താന്‍. തനിക്ക് വേണ്ടത് ജനങ്ങള്‍ക്ക് ഉപകരിക്കുന്ന മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമാണെന്നും മേജര്‍ രവി വ്യക്തമാക്കി. 

ലോക്സഭാ എംപിമാര്‍ പോലും 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ വലിയ കാര്യമാണെന്നിരിക്കെ 798 ചോദ്യങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച വ്യക്തിയാണ് രാജീവ്. അദ്ദേഹം ഓരോ ദിവസവും ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു. രാജീവിന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തുക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി താന്‍ വോട്ട് ചോദിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. പി രാജീവ് എറണാകുളം മണ്ഡലത്തില്‍നിന്ന് വലവിയ ഭൂരിപക്ഷത്തോടെ വിജയിച്ച് എംപി സ്ഥാനത്ത് എത്തട്ടേ എന്നും അദ്ദേഹം ആശംസിച്ചു.