Asianet News MalayalamAsianet News Malayalam

കമൽ ഹാസന് നേരെ ചീമുട്ടയും കല്ലും എറിഞ്ഞു; പ്രചാരണ പരിപാടികൾ മാറ്റിവെക്കണമെന്ന് പൊലീസ്

 ഹിന്ദു മുന്നണി പ്രവർത്തകരാണ് കമൽ ഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. 

Makkal Needhi Maiam chief kamal hasan again attacked in tamilnadu
Author
Chennai, First Published May 16, 2019, 11:48 PM IST

ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസന് നേരെ വീണ്ടും ആക്രമണം. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ കമൽ ഹാസന് നേരെ ഒരു വിഭാഗം ആളുകൾ ചീമുട്ടയും കല്ലും എറിയുകയായിരുന്നു.  ഹിന്ദു മുന്നണി പ്രവർത്തകരാണ് കമൽ ഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. നേരെത്തെ മധുരയിലെ തിരുപ്പറൻകുൻഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി ഹനുമാൻ സേന പ്രവർത്തകർ ചെരിപ്പെറിഞ്ഞിരുന്നു

കമൽ ഹാസനെ ആക്രമിച്ചവരെ മക്കൾ നീതി മയ്യം പ്രവർത്തകർ കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസ്, കമൽ ഹാസനെതിരെ കല്ലും ചീമുട്ടയും എറിഞ്ഞവരെ കസ്റ്റഡിയിലെടുത്തു. അക്രമണത്തിന് പിന്നാലെ മറുപടിയുമായി കമൽ ഹാസന്‍ രംഗത്തെത്തി. സത്യം നിന്ദിക്കുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സത്യസന്ധയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ പരീക്ഷണമാണ് ഇതെന്ന് കമല്‍ പറഞ്ഞു. പാർട്ടി പ്രവർത്തകരും ആരാധകരും അക്രമത്തിലേക്ക് തിരിയരുതെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നാളെത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാറ്റി വെക്കണമെന്ന് കമൽ ഹാസനോട് പൊലീസ് ആവശ്യപ്പെട്ടു. നാളെ കോയമ്പത്തൂരിലും സുളൂരിലും നടക്കേണ്ടിയിരുന്ന ഉപ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാറ്റിവക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം.  

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായതോടെ മക്കൾ നീതി മയ്യം ഓഫീസിന്‍റെ സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി കമൽ ഹാസൻ പ്രസ്താവനയിൽ ഉറച്ചു നിന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കമഷ ഹാസനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios